കരുനാഗപ്പള്ളി: മോട്ടോര്‍വാഹന വകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സ്വകാര്യബസ് ഉത്തരവ് മറികടന്ന് സര്‍വ്വീസ് നടത്തുന്നതായി പരാതി. കരുനാഗപ്പള്ളി അഴീക്കല്‍ റൂട്ടില്‍ ഓടുന്ന മീനാക്ഷി എന്ന സ്വകാര്യബസാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ് കാറ്റില്‍ പറത്തി സര്‍വീസ് നടത്തുന്നത്. ചൊവ്വാഴ്ച ഒരു യാത്രക്കാരന്‍ ബസിന്റെ ശോചനീയാവസ്ഥ കണ്ട് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ വിവരമറിയിച്ചു. കരുനാഗപ്പള്ളി മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബേബി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക്, ഹെഡ്‌ലൈറ്റ്, ടെയില്‍ ലാമ്പ് എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡ്രൈവര്‍ സീറ്റ് ഗ്രില്ല് ഉപയോഗിച്ച് വേര്‍തിരിച്ചിട്ടില്ലാത്തതായും വാഹനത്തിന്റെ മുന്‍ഭാഗം തുരുമ്പ് പിടിച്ചിരിക്കുന്നതായും കണ്ടെത്തി.
തുടര്‍ന്നാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. പരിശോധനാറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഗുരുതര വീഴ്ചകള്‍ പരിഹരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫിറ്റ്‌നസ്സ് സെര്‍ട്ടിഫിക്കറ്റ് കിട്ടിയെങ്കില്‍ മാത്രമേ പിന്നീട് സര്‍വ്വീസ് നടത്താവൂ. എന്നാല്‍ ഈ ഉത്തരവ് മറികടന്ന് കഴിഞ്ഞ ദിവസവും ഈ ബസ് സര്‍വ്വീസ് നടത്തി. യാത്രക്കാരുടെ സുരക്ഷക്ക് പുല്ലുവില കല്‍പ്പിച്ച് കൊണ്ടും നിയമങ്ങളെ നോക്ക് കുത്തിയാക്കിയും സ്വകാര്യ ബസുടമ സര്‍വ്വീസ് തുടരുന്നതിനെതിരെ കര്‍ശന നിയമനടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















