കൊല്ലം: കശുവണ്ടി ഇറക്കുമതിയില്‍ പത്തുകോടി രൂപയുടെ അഴിമതി നടന്നെന്ന വി.ഡി സതീശന്റെ നിയമസഭയിലെ ആരോപണത്തിനെതിരെ കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാനും കാപ്പെക്‌സ് ചെയര്‍മാനും രംഗത്ത്.
സതീശന്റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ നിയമസഭക്ക് പുറത്ത് സംവാദം നടത്താന്‍ സതീശന്‍ തയ്യാറാകണമെന്നും കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും കാപ്പെക്‌സ് ചെയര്‍മാന്‍ എസ് സുദേവനും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിനഞ്ചുദിവസം കൂടി പ്രവര്‍ത്തനം നടത്തിയാല്‍ ഈ സര്‍ക്കാര്‍ നൂറുദിവസം കശുവണ്ടിമേഖലയില്‍ തൊഴില്‍ നല്‍കുന്നതു റെക്കോര്‍ഡാകും. ഇതു നടക്കാതിരിക്കാനാണ് സിബിഐ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാനായി സതീശന്‍ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ ആരോപണത്തിനെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസും കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് നേതാവ് വി.സത്യശീലനും രംഗത്തുവന്നിരുന്നു. അതിനാല്‍ സതീശന്‍ പരസ്യമായി മാപ്പുപറയണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കാഷ്യൂകോര്‍പ്പറേഷന്‍, കാപ്പെക്‌സ് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തൊഴിലാളികളുടെ ഐക്യനിരയുണ്ടാക്കി ഇതിനെ ചെറുക്കും. എല്ലാ ഫാക്ടറികളിലും തൊഴിലാളികളുടെ അസംബ്ലി നടത്തി അവരെ ബോധവല്‍ക്കരിക്കും. വേണ്ടിവന്നാല്‍ ആരോപണങ്ങളെ രാഷ്‌ട്രീയപരമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. കശുവണ്ടിവികസന കോര്‍പ്പറേഷനിലെ അഴിമതി അന്വേഷണത്തില്‍ സിപിഎം നേതാവ് ഇ.കാസിമിന്റെ പേര് ഉള്‍പ്പെടുത്തിയത് അന്നത്തെ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നു എസ്.ജയമോഹന്‍ പറഞ്ഞു. കാഷ്യൂകോര്‍പ്പറേഷന്‍ എംഡി ടി.എഫ് സേവ്യര്‍, കാപ്പെക്‌സ് എംഡി രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















