തലശ്ശേരി: നിരവധി കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും രാപ്പകല്‍ ഉപയോഗിക്കുന്ന പൊതുകിണറ്റില്‍ സമീപത്തുള്ള ഓടയിലെ അഴുക്കുവെള്ളം അരിച്ചിറങ്ങുന്നത് ദേശവാസികളെ ആശങ്കപ്പെടുത്തുന്നു. തലശ്ശേരി എസ്എസ് റോഡ് ടൗണ്‍ഹാള്‍ ജംഗ്ഷനിലാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാവുന്ന പൊതുകിണറുള്ളത്. ആഴ്ചയില്‍ 5 ദിവസവും പൊട്ടുന്ന സമീപത്തെ ശുദ്ധജല വിതരണ പൈപ്പിലൂടെ ഒഴുകിയെത്തുന്ന കുടിവെള്ളമാണ് ദുര്‍ഗ്ഗന്ധപൂരിതമായ അഴുക്കുചാലിലൂടെ ഒഴുകി കിണറ്റിലേക്ക് എത്തുന്നത്. കിണറിന് സമീപം സ്ഥിരമായി ചെളിവെള്ളവും കെട്ടിനില്‍ക്കുന്നുണ്ട്. അനുദിനം മലിനമാകുന്ന ഈ കിണറിലെ വെള്ളമാണ് സമീപത്തെ ഹോട്ടലുകളിലും സ്റ്റേഷനറി ജ്യൂസ് കടകളിലും വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്നത്. തലശ്ശേരി വളവുപാറ റോഡ് നിര്‍മ്മാണ സമയത്താണ് കിണറ്റിനരികിലൂടെ അഴുക്കുചാലും കള്‍വര്‍ട്ടും നിര്‍മ്മിച്ചത്. അഴുക്കുചാലിന് കള്‍വര്‍ട്ട് പരിസരം മേല്‍മൂടിയില്ല. ഇതു കാരണം ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ഓവുചാലില്‍ തെന്നി വീണുണ്ടാകുന്ന അപകടങ്ങളും പതിവാണ്. നഗരസഭ ആരോഗ്യവിഭാഗം ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മൂക്കിനു താഴെയാണ് മലിനജലം നിറയുന്ന കിണറുള്ളത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇതൊന്നും ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ഥലവാസിയായ സി.പി.എ ഷമീര്‍ പ്രശ്‌നത്തില്‍ ജില്ലാ കലക്ടറുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് തലശ്ശേരി സബ് കലക്ടര്‍ അന്വേഷണ ഉത്തരവിറക്കിയിട്ടുണ്ട്.
















