മലപ്പുറം: മലപ്പുറം കലക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ സ്ഫോടനം നടത്തിയ അതേ ഗ്രൂപ്പായ ബേസ് മൂവ്മെന്റ് തന്നെയാണ് ഇവിടേയും കുക്കര്‍ ബോംബ് പൊട്ടിച്ചത്. ബിന്‍ ലാദന്റെ പടവും, ദാദ്രി സംഭവവും പരാമര്‍ശിക്കുന്ന ലഘുലേഖയും സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തതും സംഘടനയുടെ അല്‍ ഉമ്മ ബന്ധവും പ്രശ്നത്തിന്റെ ഗൗരവം വെളിവാക്കുന്നതാണ്. ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ ഭോപ്പാലില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഇന്നലെയാണ്. കനകമലയില്‍ നിന്നും ഐ.എസ് തീവ്രവാദികളെ പിടികൂടിയിട്ട് അധികമായിട്ടില്ല. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ മലപ്പുറത്ത് കേരള പിറവി ദിനത്തില്‍ തന്നെ ഈ സ്ഫോടനം നടത്തിയത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. സി.പി.എം സര്‍ക്കാരിന്റേയും ഇടത് -വലത് മുന്നണികളുടേയും തീവ്രവാദ സംഘടനകളോടുള്ള മൃദുസമീപനമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പ്രേരണയാവുന്നത്. മലപ്പുറം സിവില്‍ സ്റ്റേഷന് കോമ്പൗണ്ട് രാത്രികാലങ്ങളില്‍ തീവ്രവാദ സംഘടനകളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. ഇത്തരം സാഹചര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജനറല്‍ സെക്രട്ടറിമാരായ രവിതേലത്ത്, പി.ആര്.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: