മലപ്പുറം: കേരളപ്പിറവി ദിനത്തില്‍ മലപ്പുറത്ത് സ്ഫോടനം. കലക്ട്രേറ്റ് വളപ്പിലെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഹോമിയോ ഡിഎംഒയുടെ വാഹനത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ജില്ലയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന സംഭവമാണ് ഇന്നലെ ഉച്ചക്ക് നടന്നത്. ഒരുമണിയോടെ നടന്ന സ്ഫോടന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ സിവില്‍ സ്റ്റേഷനിലേക്കോടി. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.
രാവിലെ 11നാണ് കോടതിക്ക് മുന്നില്‍ ഡിഎംഒയുടെ കാര്‍ പാര്‍ക്ക് ചെയ്തത്. അതിന് ശേഷം കൃത്യം രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഫോടനം നടന്നു. വാടകക്കെടുത്ത ടാക്സി വാഹനമാണ് ഡിഎംഒ ഉപയോഗിക്കുന്നത്. ഉഗ്രശബ്ദത്താല്‍ സിവില്‍ സ്റ്റേഷന് ഒന്നടങ്കം ഞെട്ടിവിറച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരെല്ലാം പെട്ടെന്ന് ഓഫീസിന് പുറത്തിറങ്ങി. വെടിമരുന്നിന്റെ ഗന്ധം ഉണ്ടായിരുന്നത് ആശങ്ക വര്‍ധിപ്പിച്ചു.
സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്ന കലക്ടറും ശബ്ദം കേട്ട് ഓടിയെത്തി. പോലീസ് വടംകെട്ടി ആളുകളെ തടഞ്ഞു. വെടിമരുന്ന് ഗന്ധം ഉള്ളതിനാല്‍ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്ക പടര്‍ന്നു. കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകുമെന്ന് ആദ്യം സംശയിച്ചെങ്കിലും, ആസൂത്രിത സ്ഫോടനം തന്നെയാണെന്ന് ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ വ്യക്തമായി. ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് ഇത് നിയന്ത്രിച്ചിരിക്കുന്നത്. ബെയ്സ് മൂവ്മെന്റ് എന്ന എഴുതിയ ഒരു പെട്ടിയും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. പെട്ടിയില്നിന്നും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു. യുപിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖാലാക്കിനെ കുറിച്ചാണ് ഇംഗ്ലീഷിലുള്ള ലഘുലേഖയില്‍ പറയുന്നത്. അഖ്ലാക്കിന്റെ കൊലപാതകം കോടതികള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയെന്ന് ലഘുലേഖയില്‍ പറയുന്നു. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. അല്‍ ഖായിദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും ലഘുലേഖയിലുണ്ട്. സ്ഫോടനം ബോധപൂര്‍വമുള്ളതാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് തള്ളികളയാനാകില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിരോധിത സംഘടനയായ സിമിയുടെ ശക്തി കേന്ദ്രമായിരുന്നു ഒരിക്കല്‍ മലപ്പുറം. അനുഭാവികള്‍ ഇപ്പോഴും ഉണ്ട്. കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നിന്ന് ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിനെതിരെയുള്ള ഭീഷണിയാണോ സ്ഫോടനമെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: