ന്യൂദല്‍ഹി: കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) തഴഞ്ഞ സംസ്കൃത സിനിമ ‘ഇഷ്ടി’ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം.
കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ‘ഇഷ്ടി’ പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്കെയിലേക്ക് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് ഇഷ്ടിയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഗോവയിലേത്. വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃത ചിത്രം ‘പ്രിയമാനസം’ കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്കെ ഒഴിവാക്കിയത് വിവാദമായിരുന്നു. സംസ്കൃതത്തിന്റെ അതിപ്രസരമാരോപിച്ച് ഒഴിവാക്കിയ പ്രിയമാനസവും ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംസ്കൃത ചിത്രവും പുറന്തള്ളപ്പെട്ടത്.
മലയാളിയായ ജി.പ്രഭ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘ഇഷ്ടി’ സാമൂഹിക വിഷയത്തിലുള്ള ആദ്യ സംസ്കൃത ചിത്രമാണ്. 1940കളിലെ നമ്പൂതിരി സമുദായത്തിലെ ജീവിതം ആവിഷ്കരിച്ച സിനിമ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ പോരാട്ടവും സ്ത്രീത്വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രതിപാദിക്കുന്നു. തിരുവനന്തപുരം ക്രിയേറ്റീവ് ക്രിയേഷന്‍സാണ് നിര്‍മാണം. നെടുമുടി വേണു, ആതിര പട്ടേല്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. അക്കിത്തം ആദ്യമായി സിനിമയ്ക്ക് ഗാനരചന നിര്‍വ്വഹിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദല്‍ഹിയില്‍ രണ്ടിടങ്ങളിലും ചെന്നൈയിലും നിറഞ്ഞ സദസ്സില്‍ ‘ഇഷ്ടി’ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണം ലഭിക്കുമ്പോഴും കേരളത്തില്‍ അവഗണനയാണ്.
ഗോവയില്‍ അടുത്ത മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ എം.ബി. പത്മകുമാറിന്റെ രൂപാന്തരം, ജയരാജിന്റെ വീരം, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയും പ്രദര്‍ശിപ്പിക്കും. നടനും സംവിധായകനുമായ രാജേന്ദ്ര സിംഗ് ബാബുവിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: