ആറന്മുള: ആറന്മുളയില് 26.5 ഏക്കര്‍ തരിശുനിലം കൃഷിഭൂമിയാക്കി വിത്തുവിതച്ചു.
ആറന്മുളയില് പതിറ്റാണ്ടുകളായി തരിശുകിടന്നിരുന്ന നെല്പാടങ്ങള് കൃഷിഭൂമിയാക്കുന്നതിന്റെ ആദ്യപടിയായി ആറന്മുള പുഞ്ചയിലെ വിവിധ പ്രദേശങ്ങളിലായി 26.5 ഏക്കര്‍ സ്ഥലത്ത് വിത്ത് വിതച്ചു. പുന്നയ്ക്കാട് പാടശേഖരത്തിലാണ് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയത്. 25 ഏക്കറോളം പാടത്താണിവിടെ നെല്‍കൃഷി നടത്തിയത്. ആറന്മുള പുഞ്ചയിലെ കൈപ്പാല പാടശേഖരത്തിലെ പുത്തന്‍കണ്ടത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്തും വിത്തുവിതച്ചിട്ടുണ്ട്. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വിത്തിടീല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തത്.
തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിഭൂമിയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിലമൊരുക്കല്‍ ആരംഭിച്ചെങ്കിലും തുലാമഴ കനത്താല്‍ നിലമൊരുക്കല്‍ നിര്ത്തിവെയ്ക്കേണ്ടിവരുമെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്. ആറന്മുള പുഞ്ചയിലെ നീരൊഴുക്ക് ക്രമീകരിച്ച് പാടശേഖരം കൃഷിയ്ക്കനുയോജ്യമാക്കുന്ന കരിമാരംതോട് പുനര്‍നിര്‍മ്മിക്കാത്തത് ആറന്മുള പുഞ്ചയിലെ നിലമൊരുക്കലിനെ തടസ്സം സൃഷ്ടിക്കുന്നു. പുഞ്ചയുടെ മേല്‍ഭാഗത്തെ വിരിപ്പു നിലങ്ങളില്‍ ചിലതാണ് ഇപ്പോള്‍ കൃഷിയ്ക്കൊരുക്കുന്നത്. കഴിഞ്ഞദിവസം തുലാമഴ കനത്തതോടെ ഇവിടേയും വെള്ളം ഒഴിഞ്ഞുപോകാത്ത സ്ഥിതിയായി. വെള്ളക്കെട്ട് നിറഞ്ഞ പാടശേഖരത്തിലെ പോള ജങ്കാറിലുറപ്പിച്ച ഹിറ്റാച്ചി ഉപയോഗിച്ചാണ് നീക്കുന്നത്. പോള നീക്കുന്നതോടെ വെള്ളക്കെട്ടിന് കുറേ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വെള്ളക്കെട്ടൊഴിവായില്ലെങ്കില് ട്രാക്ടറിറക്കി നിലമുഴുവാന്‍ സാധിക്കാതെ വരും.തെച്ചിക്കാവ് പാടശേഖരത്തിലെ വിസ്തൃതമായ പ്രദേശത്ത് പോള നീക്കിത്തുടങ്ങിയിട്ടുണ്ട്. ഈ പാടശേഖരങ്ങളില്‍ എന്ന് കൃഷിയിറക്കാനാകുമെന്ന് ഉറപ്പുപറയാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.
വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് കൃഷിയിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ വ്യാവസായിക മേഖലാ പ്രഖ്യാപനത്തിലുള്പ്പെട്ട പാടശേഖരങ്ങളില്‍ നിലമൊരുക്കുകയും വിത്തിടുകയും ചെയ്തു.
തരിശുകിടക്കുന്ന ചില പാടശേഖരങ്ങളില്‍ ചെറുതോടുകള്‍ വഴി വെള്ളമെത്തിച്ചുവേണം നിലമൊരുക്കാന്‍. ചെറുകിട ജലസേചന വകുപ്പ് പമ്പയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്ത്തനസജ്ജമാക്കിയെങ്കിലും പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാനുള്ള ചെറുതോടുകള്‍ പലതും മൂടിയ നിലയിലാണ്. ഇവയില്‍ പലതും ഇനിയും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: