അര്‍പ്പണബോധത്തിനുള്ള അംഗീകാരം ഏറെ വിലമതിക്കുന്നതാണ്. ഒരുപക്ഷേ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ക്ക് ശേഷമായിരിക്കും അവ തേടിയെത്തുക. ആദ്യമായി സിബിഎസ്ഇ അദ്ധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ ദേശീയ അദ്ധ്യാപക അവാര്‍ഡ് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ സംസ്കൃതം അദ്ധ്യാപിക എം.പി. ദേവിയെ തേടിയെത്തിയപ്പോള്‍ അത് ആ വ്യക്തിക്കുമാത്രം ലഭിച്ച അംഗീകാരമായിരുന്നില്ല, മറിച്ച് ഒരു പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്.
തൃശൂര്‍ ചിറ്റിലപ്പള്ളിയില്‍ പരമേശ്വരന് ഇളയതിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും നാലുമക്കളില്‍ മൂത്തമകളാണ് ദേവി ടീച്ചര്‍. ചിറ്റലപ്പള്ളി എല്‍പി സ്കൂള്‍, ശാരദ ഗേള്‍സ് ഹൈസ്കൂള്‍, കേന്ദ്രീയ സംസ്കൃത വിദ്യാപീഠം എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. അച്ഛന് സംസ്കൃതത്തോടുള്ള താല്പര്യം മകളുടെ സംസ്കൃതപഠനത്തിന് വഴിതെളിയിച്ചു. അഞ്ചാം ക്ലാസ് മുതല്‍ സംസ്കൃതം പഠിക്കുവാന്‍ തുടങ്ങി. തൃശൂരിലെ കേന്ദ്രീയ സംസ്കൃത വിദ്യാപീഠത്തില്‍ സംസ്കൃത മാധ്യമത്തിലാണ് പ്രീഡിഗ്രീ, ഡിഗ്രി, പിജി, ബിഎഡ് എന്നിവ പഠിച്ചത്. സംസ്കൃത സാഹിത്യമായിരുന്നു ഐച്ഛികവിഷയം. 1983 ല്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സംസ്കൃത വിദ്യാപീഠത്തില്‍ നാലുവര്‍ഷം പഠിപ്പിച്ചു.
സംഘകുടുംബത്തില്‍ നിന്നായതിനാല്‍ ഭാരതീയ വിദ്യാനികേതന്റെ ഭാഗമാകുവാന്‍ അതിയായ താല്പര്യമായിരുന്നു. ആയിടെ മാനനീയ ഭാസ്കര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ആര്‍എസ്എസ് പ്രചാരകനായിരുന്ന സുബ്രഹ്മണ്യന് എന്ന വ്യക്തിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദേവീ ടീച്ചര്‍ ഭാസ്കര്ജിക്ക് കത്തയച്ചത്. രണ്ട് മാസത്തെ ഓറിയന്റേഷന്‍ കോഴ്സുണ്ടെന്നും പങ്കെടുക്കണമെന്നുമാവശ്യപ്പെട്ട് ഭാസ്ക്കര്‍ജിയുടെ മറുപടി ലഭിച്ചു. ഇവിടെ നിന്നാണ് വിദ്യാനികേതനുവേണ്ടിയുള്ള പ്രയാണം തുടങ്ങുന്നത്.
കള്‍ച്ചറല്‍ ആക്ട്വിറ്റി, നഴ്സറി അനുബന്ധ വിഷയങ്ങളിലായിരുന്നു രണ്ടുമാസത്തെ ഓറിയന്റേഷന്‍ കോഴ്സ്. 1988 മുതല്‍ 2003 വരെ വിദ്യാനികേതനില്‍ ഓറിയന്റേഷന്‍ കോഴ്സ് നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി നിരവധി അദ്ധ്യാപകരാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്.
ഭാരതീയ വിദ്യാനികേതനില്‍ പ്രൈമറി തലത്തില്‍ നിന്നായിരുന്നു അദ്ധ്യാപന ജീവിതം ടീച്ചര്‍ തുടങ്ങിയത്. പിന്നീട് സംസ്കൃത അദ്ധ്യാപികയായി യുപി,ഹൈസ്കൂള്‍ തലങ്ങളില്‍ പഠിപ്പിച്ചു. 1999 മുതല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സംസ്കൃത അദ്ധ്യാപികയായി. സീനിയറായിരുന്ന പി.വി.സ്വര്‍ണ്ണലതയാണ് വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ആനയിച്ചതും മാതൃകയായതും. വിദ്യാനികേതനില്‍ രണ്ടാംക്ലാസുമുതല്ക്കെ സംസ്കൃത പഠനം പറഞ്ഞിരുന്നെങ്കിലും അതിനുള്ള സിലബസ് ഇല്ലായിരുന്നു. സ്വന്തമായി സിലബസ് ഉണ്ടാക്കി പഠിപ്പിക്കുകയെന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു എന്നാല്‍ അതിന് പിന്തുണയുമായി എന്‍.എ.നാരായണന് സര്, പോറ്റി സര് എന്നിവര്‍ എത്തിയപ്പോള്‍ വിജയമായിരുന്നു ഫലം.
വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്നതിലും സംസ്കൃത ഭാഷയെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. സംസ്കൃതം അദ്ധ്യാപിക എന്നതിലുപരി കുട്ടികളുടെ പ്രിയപ്പെട്ട സുഹൃത്തും വഴികാട്ടിയുമാണ് ദേവീ ടീച്ചര്‍. അക്കാദമിക കാര്യങ്ങളിലും മറ്റിതരകാര്യങ്ങളിലും ടീച്ചറുടെ സഹായവും സേവനവും എല്ലാവര്ക്കും മാതൃകയാണ്.
1995 മുതല്‍ കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ കേശവ് മന്ദിരത്തില്‍ സ്ഥിരതാമസമാക്കി. തുടര്‍ന്നുള്ള ഓരോ പ്രവര്‍ത്തനങ്ങളും വിദ്യാനികേതനു വേണ്ടിയായിരുന്നു. കുട്ടികള്‍ക്കിടയില്‍ സംസ്കൃതത്തെ മറ്റു ഭാഷകളെപോലെ തന്നെ സ്നേഹിക്കുവാനും അറിയുവാനും വേണ്ടി കൂടുതല്‍ സമയം ചെലവിട്ടു. വിദ്യാനികേതനുവേണ്ടി രണ്ടു പുസ്തകങ്ങള്‍ തര്‍ജ്ജമ ചെയ്തു. ഹിന്ദിയില്‍ നിന്ന് ലാലയേത് പഞ്ചവര്‍ഷാണി എന്ന പേരിലും മാനനീയ ഹരിയേട്ടന്റെ ശേഖരണമായ വാത്മീകി സുഭാഷിതത്തിലെ ശ്ലോകങ്ങള്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി. അഞ്ച് വര്‍ഷം സംസ്ഥാന സംസ്കൃത പ്രമുഖ് എന്ന ചുമതല വഹിച്ചിരുന്നെങ്കിലും യാത്രചെയ്യുന്നതിന് താല്പര്യമില്ലാത്തതിനാല് വേണ്ടെന്നു വെക്കുകയായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് മൂല്യച്യുതിയും നിലവാരത്തകര്‍ച്ചയും ആശങ്കാജനകമാണെന്നിരിക്കെ അദ്ധ്യാപക -വിദ്യാര്‍ത്ഥി ബന്ധത്തിലും മാറ്റം വന്നു. പരസ്പര ബഹുമാനം കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും തുല്യപങ്കുണ്ട്. ഇന്ന് സ്വന്തം അദ്ധ്യാപികയ്ക്ക് കുഴിമാടം ഉണ്ടാക്കുകയും, അദ്ധ്യാപകരെ മര്‍ദ്ദിക്കുകയും, സ്വന്തം വിദ്യാര്‍ത്ഥികളുമായി തെറ്റായ ബന്ധം പുലര്‍ത്തുന്ന അദ്ധ്യാപകരുമുണ്ട് ഇന്ന് സമൂഹത്തില്‍. സംസ്കാരത്തില്‍ വന്ന മാറ്റമാണ് ഇതിനു കാരണം. വിദ്യാര്‍ത്ഥികളെ മക്കളായി കാണുകയും അവരുടെ തെറ്റുകള്‍ തിരുത്തി നല്ലവഴിക്ക് നയിക്കേണ്ടവരുമാണ് അദ്ധ്യാപകര്‍.
പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പാളിന്റെ പ്രതീകാത്മക കുഴിമാടമുണ്ടാക്കിയ സംഭവം സാക്ഷരകേരളത്തിന് അപമാനമാണ്. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായപ്പോള്‍ സാക്ഷരകേരളം പ്രതികരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധം വേണം, എന്നാല്‍ രാഷ്ട്രീയം തലയ്ക്കു പിടിച്ച് എന്തുമാവാം എന്ന ചിന്ത ഒഴിവാക്കേണ്ടിയിരിക്കുന്നു. കാമ്പസ് രാഷ്ട്രീയം രാജ്യത്തിന് അനുഗുണമാണെങ്കില്‍ മാത്രം അംഗീകരിക്കാം. അല്ലാതെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ക്യാമ്പസ് രാഷ്ട്രീയം എന്നാണെങ്കില്‍ സ്കൂള്‍, കോളേജ് തലത്തില്‍ രാഷ്ട്രീയം വേണ്ടെന്നു വയ്ക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണം. വേണ്ടാത്ത കാര്യങ്ങള്‍ക്ക് ബഹളം വയ്ക്കുന്നവര്‍ ഇത്തരം സംഭവങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്.ദേശീയതയെ ബഹുമാനിക്കണം. ഇല്ലെങ്കില്‍ വരും കാലഘട്ടങ്ങളില്‍ വലിയ വില നല്‍കേണ്ടി വരും.
ദേശീയ അദ്ധ്യാപക അവാര്‍ഡിനായി സിബിഎസ്ഇ അദ്ധ്യാപകരെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവി ടീച്ചര്‍. മോദി സര്‍ക്കാരിന് നന്ദിപറയാനും ടീച്ചര്‍ മറന്നില്ല. എന്നാല്‍ തനിക്ക് ലഭിച്ച അംഗീകാരം ഭാസ്കര്ജിക്ക് അര്‍ഹതപ്പെട്ടതാണെന്നും വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിച്ച ബഹുമതിയാണിതെന്നും ടീച്ചര്‍ പറഞ്ഞു. അച്ഛനും, ഭാസ്കര്‍ജിയും, എന്‍.എ.നാരായണന് സാറുമാണ് ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികള്‍. കിട്ടേണ്ട അംഗീകാരം എന്നായാലും തേടിയെത്തുമെന്നും സംസ്കൃതം സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങണമെന്നാണ് ആഗ്രഹമെന്നും ടീച്ചര്‍ പറയുന്നു. ഭര്‍ത്താവ് ഏറ്റുമാനൂര്‍ കലാമണ്ഡലം കൃഷ്ണന് നമ്പൂതിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: