മീനങ്ങാടി : നിന്നുതിരിയാന്‍ ഇടമില്ലാത്ത മീനങ്ങാടി പോലീസ് സ്റ്റേഷന് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു.
മീനങ്ങാടി പോലീസ് സ്റ്റേഷന് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തോടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദേശീയപാതയോരത്ത് ഏഴ് സെന്റ് സ്ഥലത്താണ് കെട്ടിടമുള്ളത്. പുതുക്കിപ്പണിത കെട്ടിടം ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ മുകള്ഭാഗം ഭിത്തി അടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ നിലകൊണ്ടു. അടര്‍ന്ന ഭാഗം പിന്നീട് ഇരുമ്പ് ലീഫുപയോഗിച്ച് ലോക്ക് ചെയ്യുകയാണുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നുള്ള പരാതികള്‍ക്കിടെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
മുപ്പത്തിനാല് ജീവനക്കാരുള്ള മീനങ്ങാടി പോലീസ് സ്റ്റേഷന് ഹൈവേ പോലീസിന്റെയും കേന്ദ്രമാണ്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയാണ് ജീവനക്കാരുടെ ഡ്രസ്സിങ്റൂമായി ഉപയോഗിക്കുന്നത്. വനിതാ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഒരു ബാത്ത്റൂമാണ് സ്റ്റേഷനിലുള്ളത്. വാട്ടര്‍ അതോറിറ്റി കണക്ഷനെ ആശ്രയിക്കുന്ന ജീവനക്കാര്‍ക്ക് ഒട്ടുമിക്ക ദിവസങ്ങളിലും ലഭ്യമല്ല.
ഇതിനെല്ലാം പുറമെയാണ് സ്വന്തം വാഹനംപാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ദേശീയപാതയോരത്ത് നിര്‍ത്തിയിടേണ്ട അവസ്ഥ നിലനില്‍ക്കുന്നത്. പിടിച്ചിടുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും കൊണ്ടിട്ടതിനാല്‍ സ്റ്റേഷന്‍പരിസരത്ത് ഇനിയൊരു വാഹനം നിര്‍ത്തിയിടാന്‍ കഴിയില്ല. ഇനിവരുന്ന വാഹനങ്ങള്‍ എവിടെ നിര്ത്തിയിടുമെന്നറിയാതെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് ജീവനക്കാര്‍.
ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും ടൗണില്‍ നിന്നും മാറിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മീനങ്ങാടി പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത് ടൗണില്‍ തന്നെയാണ്. കേസുകളില്‍ പെടുന്ന പ്രതികളെ സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ പെട്ടെന്ന് കൂടുന്ന ആള്‍ക്കൂട്ടവും ചേരി തിരിഞ്ഞുള്ള ചര്‍ച്ചകളും സ്റ്റേഷനിലെ നിത്യസംഭവമാണ്. ഇത് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നതിന് കാരണമാകാറുണ്ട്. ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമായി സൗകര്യപ്രദമായ ഇടം കണ്ടെത്തി സ്റ്റേഷന് മാറ്റുകയെ മാര്‍ഗമുള്ളൂ എന്ന് മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ റമീഫ് മേച്ചേരി പറയുന്നു. സൗകര്യ പ്രദമായ ഒരിടം കണ്ടെത്തി സ്റ്റേഷന് മാറ്റണമെന്ന മുറവിളിക്കിടെ ജീവനക്കാരുടെ കുറവും സ്റ്റേഷന് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണെന്ന് ജീവനക്കാരും പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: