പന്തളം: കുളനടയില്‍ സിപിഎം ഗുണ്ടാസംഘത്തിന്റെ വടിവാള്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്.
പനങ്ങാട് സായി നിവാസില്‍ മോഹനന്‍പിള്ള (53), പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പനങ്ങാട് ഗീതാലയത്തില്‍ ജ്യോതിസ് കുമാര്‍ (42), പനങ്ങാട് മഹാലക്ഷ്മി ഹോട്ടല്‍ തൊഴിലാളി തമിഴ്നാട് സ്വദേശി മുരുകേശന് (28) എന്നിവര്‍ക്കാണ് പരുക്ക്.
ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഗുണ്ടാ നേതാവ് ഉളനാട് പാണ്ടിശ്ശേരിമുകടിയില് ഉദയന്റെ (പാണ്ടിശ്ശേരി ഉദയന്‍-29) നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഹോട്ടലിലെത്തി ഭക്ഷണമാവശ്യപ്പെട്ടു. ഹോട്ടല്‍ അടയ്ക്കുന്നതിനാല്‍ ഭക്ഷണം തീര്‍ന്നു എന്നു പറഞ്ഞതോടെ ഗുണ്ടാസംഘം മുരുകേശനെ മര്‍ദ്ദിച്ചു. ബഹളം കേട്ട് സ്ഥലത്തെത്തിയ കെട്ടിടമുടമ മോഹനന്‍പിള്ളയെ വടിവാള്‍കൊണ്ടു വെട്ടി. വെട്ടുകൊള്ളാതെ വടിവാളില്‍ പിടിച്ചതുകൊണ്ടാണ് മോഹനന്‍പിള്ള മരണത്തില്‍ നിന്നു രക്ഷപെട്ടത്. മോഹനന്‍പിള്ളയുടെ കൈ മുറിഞ്ഞ് ആറു കുത്തിക്കെട്ടുണ്ട്.
സ്ഥലത്തുണ്ടായിരുന്ന ജ്യോതിസ് കുമാര്‍ അക്രമികളിലൊരാളെ പിടികൂടി. എന്നാല്‍ സംഘാംഗങ്ങളിലൊരാള്‍ പിന്നില്‍ നിന്നും ജ്യോതിസ് കുമാറിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയും വെട്ടാനുപയോഗിച്ച വടിവാള്‍ ഉപേക്ഷിച്ചു സംഘം രക്ഷപെടുകയുമായിരുന്നു. നാലു പേര് രണ്ടു ബൈക്കുകളിലായും ഒരാള്‍ ഓടിയുമാണ് രക്ഷപെട്ടത്. ജ്യോതിസിന്റെ തലയ്ക്ക് രണ്ടു കുത്തിക്കെട്ടുണ്ട്. ഇവര്‍ക്കെതിരേ പന്തളം പോലസ് വധശ്രമത്തിനു കേസെടുത്തു. പന്തളം സിഐ ബി. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഉദയന്‍. ഇയാള്‍ക്കെതിരെ മുമ്പ് ഗുണ്ടാ ആക്ട് അനുസരിച്ചും കൊലപാതക ശ്രമത്തിനും കേസുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: