എടവണ്ണ: ആദിവാസി കോളനിയിലേക്കുള്ള പ്രധാന റോഡ് തകര്‍ന്നു. ആദിവാസികള്‍ സമരത്തിലേക്ക്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗിരിജന്‍ കോളനിയിലേക്ക് പോകുന്ന പ്രധാന റോഡായ മുണ്ടേങ്ങര-മുണ്ടേംതോട് റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന എടവണ്ണ, മമ്പാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട മുണ്ടേംതോട്, കരിക്കാട്ട്മണ്ണ, വീട്ടിക്കുന്ന്, മാടം, എടക്കോട്, അമരപ്പലം, ആനന്ദല്ല്, കല്ലുവാരി കോളനികളിലായി നിരവധി കുടുംബങ്ങളാണ് ഉള്ളത്. അതിനു പുറമേ സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന നൂറിലധികം വിദ്യാര്‍ഥികളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. 1999-2000 വര്‍ഷത്തില്‍ പി.ഡബ്ല്യു.ഡി സോളിംഗ് ആന്റ് ടാറിംഗ് പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയിരുന്നു. അതിനു ശേഷം 16 വര്‍ഷം കഴിഞ്ഞിട്ടും റോഡ് റീടാറിംഗ് ചെയ്യാന്‍ ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ 16വര്‍ഷമായി അവഗണന മാത്രമാണ് ഈ റോഡിനുള്ളതെന്ന് ആദിവാസികള്‍ പറയുന്നു. റോഡ് തകര്‍ന്നത് കാരണം രോഗികളെയും ഗര്‍ഭിണികളെയും പ്രായം ചെന്നവരെയും ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകാന്‍ ടാക്സി വിളിച്ചാല്‍ പോലും ഡ്രൈവര്‍മാര്‍ ഈ പ്രദേശത്തേക്ക് വരില്ല. പലതവണ സ്ഥലം എം.എല്‍.എയോട് പരാതി പറഞ്ഞെങ്കിലും പരിഹാരമായില്ലെന്നും ആദിവാസികള്‍ പറയുഞ്ഞു. ഏഴ് കിലോമീറ്റര്‍ ദൂരമാണ് ഈ റോഡിന് റീ ടാറിംഗ് ചെയ്യാനുള്ളത്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: