ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ചികില്‍സയ്‌ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ പോകാന്‍ തയ്യാറായ വൃദ്ധനെ വീണ്ടും പരിക്കേല്‍പ്പിച്ച് ഡോക്ടര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി പരാതി. പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരനാ(82)ണ് ആര്‍എംഒയ്‌ക്കു പരാതി നല്‍കിയത്.
പ്രമേഹ രോഗിയായ മനോഹരന്റെ കാലില്‍ കുപ്പിച്ചില്ലു കൊണ്ടു മുറിവുണ്ടായതിനെ തുടര്‍ന്ന് ഒന്നര ആഴ്ചയ്‌ക്കു മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവു ഭേദപ്പെട്ടതിനാല്‍ വീട്ടിലേക്കു മടങ്ങാമെന്ന് ഒരു ഡോകടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വാര്‍ഡിലെത്തിയ പ്രധാന ഡോക്ടര്‍ ചികിത്സ പൂര്‍ത്തിയായിട്ടില്ലെന്നും തന്റെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് വാങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു. പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയ മനോഹരന്റെ കാല്‍ വീണ്ടും പരിശോധിച്ച ശേഷം മുറിവില്‍ പഴുപ്പുണ്ടെന്നും കീറി വൃത്തിയാക്കണമെന്നും ഡോക്ടര്‍ പറയുകയും കാലില്‍ വീണ്ടും മുറിവുണ്ടാക്കി, ഡ്രസ് ചെയ്തശേഷം ചികിത്സ തുടരണമെന്നു പറയുകയും ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന്റെ അഭാവത്തില്‍ ആര്‍എംഒയ്‌ക്കു ബന്ധുക്കള്‍ പരാതി നല്‍കി. സൗത്ത് പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണത്തിനു ശേഷം ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടു ഡിഎംഒയ്‌ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.
















