പന്തളം: എംസി റോഡില്‍ പൊളിച്ചു പണിയുന്ന പന്തളം കുറുന്തോട്ടയം പാലം ഡിസംബര്‍ 5നു മുമ്പ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കരാറുകാരും പൊതുമരാമത്ത് അധികൃതരും. ഇതിനായി രാവിലെ വെട്ടം വീഴുമ്പോള്‍ മുതല്‍ രാത്രി 1 മണിവരെയാണ് പണികള്‍ നടക്കുന്നത്.
നവംബര്‍ 16ന് ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ ആയിരക്കണക്കു തീര്‍ത്ഥാടകരാണ് ഇക്കാലയളവില്‍ പന്തളത്തെത്തുക. പാലം ഗതാഗത യോഗ്യമാകുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് ഏറെ യാത്രാ ബുദ്ധിമുട്ടാകും പന്തളത്തു നേരിടേണ്ടി വരിക. ഇതു മുന്നില്‍ക്കണ്ടാണ് നവംബര്‍ 15നു മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് നടത്താനുള്ള പണികള്‍ പുരോഗമിക്കുന്നത്. കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോള്‍ പാലത്തില്‍ക്കൂടി കാല്‍നടയാത്രക്കാരെ കടത്തിവിടും. അതോടെ പാലത്തിനു തൊട്ടുതാഴെ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമായി ഒരുക്കിയിട്ടുള്ള താല്‍ക്കാലിക റോഡില്‍ക്കൂടി തീര്‍ത്ഥാടകരുടെ മിനി ബസ്സുകളും കടത്തിവിടും. ഡിസംബര്‍ അഞ്ചോടെ പാലം പൂര്‍ണ്ണമായി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഒന്നര മാസം മുമ്പാണ് പുതിയ പാലം പണിയുന്നതിനായി മുട്ടാര്‍ നീര്‍ച്ചാലിനു കുറുകെയുണ്ടായിരുന്ന ഇടുങ്ങിയ പാലം പൊളിച്ചു മാറ്റിയത്. വലിയ വാഹനങ്ങള്‍ കുളനട, ഉളനാട് വഴിയും ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ മുട്ടാര്‍-പറവേലിപ്പടി വഴിയും അടൂര്‍ ഭാഗത്തേക്കുള്ളവ പോലീസ് സ്റ്റേഷന്-കടയ്ക്കാട് വഴിയും തിരിച്ചു വിട്ടിരിക്കുകയാണ്.
റോഡിന്റെ ശോച്യാവസ്ഥ കാരണം കുളനട-ഉളനാട് വഴിയുള്ള യാത്ര അരമണിക്കൂറോളമെടുക്കുന്നിതിനാല് യാത്രക്കാര്‍ ഏറെ വലയുകയാണ്. ഇരുചക്ര വാഹനങ്ങള്‍ കൂടാതെ രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ മാത്രമാണ് താല്‍ക്കാലിക റോഡില്‍ക്കൂടി പോകാന്‍ അനുവദിച്ചിട്ടുള്ളത്.
12 മീറ്റര്‍ വീതിയിലും 17 മീറ്റര്‍ നീളത്തിലുമുള്ള പുതിയ പാലം പൂര്‍ത്തിയാക്കാന്‍ ജനുവരി 10 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിട്ടുള്ളതെങ്കിലും തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ മുന്നില്‍ക്കണ്ട് ഒരുമാസം മുമ്പുതന്നെ പാലംപണി പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: