കല്‍പ്പറ്റ : പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിന് ഏറെ പങ്കുവഹിച്ചിട്ടുള്ള പ്രീപ്രൈമറികള്‍ അംഗണ്വാടികളാക്കി മാറ്റാനുള്ള ആലോചനക്കെതിരെ കേരള പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.
ഗവ. സ്കൂളുകളിലെ പ്രീപ്രൈമറി മേഖലയിലെ ജീവനക്കാരോട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും, ഈ മേഖലയിലെ ജീവനകാര്‍ക്ക് ലഭിക്കേണ്ട ഇ.പി.എഫ്, പ്രസവാവധി, സ്ഥലംമാറ്റം, മറ്റു ലീവുകള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നല്കുന്ന വേതനം അതത് എ.ഇ.ഒകളില്‍ നിന്നും കൃത്യമായി ലഭിക്കുന്നില്ലെന്നും, നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിട്ടും തയ്യാറാവാത്ത അധികൃതരുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ അതത് എ.ഇ.ഒകളിലേക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ടി.ജെ. ശാലിനി, വിജയലക്ഷ്മി, ടി.ആര്. മിനി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: