മീനങ്ങാടി :മീനങ്ങാടി ഗവണ്മെന്റ് ആശുപത്രില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനുമാത്രം. നാല് ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്ന ഹോസ്പിറ്റലില്‍ ചില സമയങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന പരാതിയുയര്‍ന്നിട്ട് നാളുകളേറെയായി.
മുന്‍പ് ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപരിപാടികളുമായി രംഗത്ത് വരികയും ജന്മഭൂമിയില് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എല്ലാ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ പ്രതിക്ഷേധം ശക്തമാകുമ്പോള്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്ന ഹോസ്പിറ്റല്‍ അധികൃതര്‍ പിന്നീട് പഴയ അവസ്ഥയിലേക്ക് തന്നെ മാറുകയാണെന്നാണ് ആരോപണം. രാവിലെ എട്ട് മണിയോടെ ദൂരസ്ഥലങ്ങളില്‍നിന്ന് പോലും ഡോക്ടറെ കാണുവാന്‍ എത്തുന്ന രോഗികള്‍ ചീട്ടെടുത്ത് തങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട ഡോക്ടറുടെ വരവും കാത്ത് മണിക്കൂറുകളോളമാണ് ആശുപത്രിയില്‍ നില്‍ക്കുന്നത്. ഡോക്ടര്‍ വരുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് ഈ കാത്തിരുപ്പ്. ഡോക്ടര്‍ വരാതെയാകുമ്പോള്‍ ദീര്‍ഘനേരം കാത്തുനിന്നുമടുത്ത രോഗികള്‍ ഡ്യൂട്ടിയിലുള്ള ഏക ഡോക്ടറെ കാണിച്ച് മടങ്ങുകയാണ് പതിവ്. രോഗികളുടെ ബാഹുല്യംമൂലം ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണാന്‍ എല്ലാവര്ക്കും സാധ്യവുമല്ല.
ഡോക്ടറെ കാത്തുള്ള നില്‍പ്പ് രോഗാവസ്ഥയിലുള്ളവരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. മിക്ക ദിവസവും രോഗീ സദ്ധര്ശനത്തിന് ഡോക്ടര്‍ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ കിടപ്പുരോഗിയുടെ രോഗനിര്‍ണ്ണയം നടത്താനോ, അവസരോചിതമായി വേണ്ട മരുന്നുകള്‍ നല്‍കുന്നതിനോ കഴിയുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കളും പറയുന്നു. ഡോക്ടര്‍മാരുടെ നിരുത്തരാവാദപരമായ ഇടപെടല്‍ ജീവനക്കാരെയാണ് വലയ്ക്കുന്നത്. കിടപ്പ്രോഗികള്‍ക്ക് സമയബന്ധിതമായി നല്കുന്ന മരുന്നുകള്‍ വരെ കൃത്യമായി നല്കുവാന് കഴിയാത്ത ജോലിഭാരമാണ് തങ്ങള്‍ക്കുള്ളതെന്ന് ജീവനക്കാരും പറയുന്നു. ഡോക്ടറുടെ അഭാവത്തില്‍ ജീവനക്കാരോട് തട്ടിക്കയറുന്ന കാഴ്ച്ചയും ഇവിടെ പതിവാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഒരുത്തരം ജീവനക്കാര്‍ക്കും നല്കാന് കഴിയുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറെ വിളിക്കുമ്പോള്‍ കിട്ടുന്ന പതിവ് മറുപടി ഇങ്ങനെ ‘അന്വേഷിച്ച് വരണ്ട നടപടി കൈക്കൊള്ളും’ എന്നാണത്രേ. എന്നാല്‍ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ആശ്രയമാകേണ്ട ഈ ആശുപത്രിയുടെ ഈ കുത്തഴിഞ്ഞ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ പ്രാക്ടീസുമായി കീശവീര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധവുമായ് രംഗത്ത് വരുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് അരവിന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: