പാലക്കാട്: കല്‍പ്പാത്തിയിലെ അഗ്രഹാരവീഥികള്‍ ഭക്തിയുടെ നറുമണവുമായി പുതുവേഷമണിയുന്നു. കാശിയില്‍പ്പാതി കല്പ്പാത്തയിലെ രഥോത്സവത്തിനിനി പത്ത് നാളുകള്‍ മാത്രം. വീടുകളും അമ്പലങ്ങളും മോടിപിടിപ്പിക്കുന്നതിന്റെ അന്തിമഘട്ടം. പാലക്കാട്ടുശ്ശേരി രാജാവിന്റെ അച്ചന്പടിയിലും ഒരുക്കങ്ങള്‍ തുടങ്ങി.
കുണ്ടമ്പലത്തില്നിന്ന് ദേവന്മാരെ എഴുന്നള്ളിക്കുന്ന ഗോരഥത്തിന്റെ ചട്ടവും വിശാലാക്ഷീസമേത വിശ്വനാഥസ്വാമി എഴുന്നള്ളുന്ന രഥത്തിന്റെ ഒരു ചക്രവും പുതുക്കിപ്പണിയുന്ന തിരക്കിലാണ്. വേങ്ങമരം ഉപയോഗിച്ചാണ് ചക്രം പുതുക്കിപ്പണിയുന്നത്. 54 ചതുരം മരം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതിയുടെ രഥത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
നവംബര്‍ ഏഴ് മുതല്‍ 16 വരെയാണ് രഥാഘോഷ ചടങ്ങു. നവംബര്‍ ഒന്നുമുതല്‍ വെള്ളോട്ടത്തിന് മുന്നോടിയായ ചടങ്ങുകള്‍ നടക്കും.നവംബര്‍ രണ്ടിന് രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കുമിടയില്‍ കലശാഭിഷേകം, രഥബലി, ദീപാരാധന എന്നിവയ്ക്കുശേഷം രഥത്തിന്റെ വെള്ളോട്ടം നടക്കും. ഏഴിന് രാവിലെയാണ് കൊാടിയേറ്റം. നവംബര്‍ 14 മുതല്‍ 16 വരെ തേരോട്ടം.
രഥോത്സവത്തിന് വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ കളക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നവംബര്‍ 13 മുതല്‍ 15 വരെ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പാക്കും. കുടിവെള്ളവും വൈദ്യുതിയും തടസമില്ലാതെ വിതരണം ചെയ്യാനും ആന എഴുന്നള്ളത്തിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി. ശബ്ദ മലിനീകരണം നിയന്ത്രിക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊലീസിന് നിര്‍ദേശം നല്കി.
രഥപ്രയാണം നടത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കണമെന്നും താല്‍ക്കാലിക കച്ചവടസ്ഥാപനങ്ങള്‍, കൊടി തോരണങ്ങള്‍ എന്നിവ നിയന്ത്രിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: