എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗത്തിന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംസാരിക്കുന്നു
ചേര്‍ത്തല: ഭാരതത്തിന് ശക്തനായ ഒരു പ്രധാനമന്ത്രിയുണ്ടെന്ന് പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ നടത്തിയ മിന്നലാക്രമണങ്ങളിലൂടെ ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായി എസ്എന്‍ഡിപിയോഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന എസ്എന്‍ഡിപിയോഗത്തിന്റെ 111 ാമത് വാര്‍ഷിക പൊതുയോഗത്തിലവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രനീക്കങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളുമായി വിവിധ മേഖലകളില്‍ നയതന്ത്ര ബന്ധം ദൃഢമാക്കുവാന്‍ രണ്ട് വര്‍ഷത്തെ ഭരണത്തിലൂടെ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞതും കള്ളപ്പണം ഒരു പരിധി വരെ തിരിച്ചു പിടിക്കാന്‍ സാധിച്ചതും അഭിനന്ദനാര്‍ഹമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രമാനുഗതമായ വളര്‍ച്ചയുണ്ടായി. ബിജെപിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത് അണികളില്‍ ആവേശം പടര്‍ത്താന്‍ കഴിഞ്ഞു. നേമത്ത് ഒ. രാജഗോപാലിന്റെ വിജയവും,
പല മണ്ഡലങ്ങളിലെയും രണ്ടാം സ്ഥാനവും, മറ്റിടങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ കഴിഞ്ഞതും ചരിത്രത്തിന്റെ ഭാഗമായി. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായം തങ്ങള്‍ക്ക് ഗുണകരമാകുന്ന രാഷ്‌ട്രീയ തീരുമാനം എടുത്തു. ഭൂരിപക്ഷ സമുദായത്തിന് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല. കണ്ണൂരിലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടായ ചില ജാഗ്രതകുറവും അപക്വമായ തീരുമാനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു.
കേന്ദ്രസര്‍വകലാശാലയ്‌ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്ന എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
















