കണ്ണൂര്‍: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംരഭമായ ആര്‍ട് ഗാലറിയുടെ ഉദ്ഘാടനം 30 ന് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. കേരള ലളിതകലാഅക്കാദമി അംഗമായും കേരള ചിത്രകലാപരിഷത്ത് പുരോഗഗമന കലാസാഹിത്യസംഘം എന്നിവയിലൂടെയും അറിയപ്പെട്ട കണ്ണൂര്‍ ഗവ.ടീച്ചര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ദീര്‍ഘകാല ചിത്രകലാ അധ്യാപകനും കൂടിയായ ചിത്രകലാകാരന്‍ മോഹനന്‍ ചാലാടിന്റെ സ്മരണാര്‍ത്ഥമാണ് മോഹനന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട് ഗാലറി എന്ന പേരില്‍ ആര്‍ട്ഗാലറി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് ടീച്ചര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് (മെന്‍)ല്‍ അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനത്തോട് കൂടിയാണ് ഗാലറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് നവംബര്‍ നാലിന് രണ്ട് മണിക്ക് നടക്കുന്ന സെമിനാറില്‍ കലയും പ്രതിരോധവും എന്ന വിഷയം അവതരിപ്പിച്ച് ഡോ. എ.ടി.മോഹന്‍രാജ് സംസാരിക്കും. സെമിനാറില്‍ ഡോ.എന്‍. സാജന്‍, കെ.എം.ശിവകൃഷ്ണന്‍, പ്രൊഫ.എം.എ. റഹ്മാന്‍, ടി.വി.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍.വസന്തകുമാര്‍, കെ.കെ.പ്രകാശന്‍, സതീശന്‍ തോപ്രത്ത്, എം.രാധാകൃഷ്ണന്‍, സി.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
















