കൊട്ടാരക്കര: മകനെ തേടിയുള്ള ഒന്നര മാസത്തെ ഒരു പിതാവിന്റെ തിരച്ചിലിന് ഒടുവില്‍ ശുഭപര്യവസാനം. മാനസികപ്രശ്‌നം നിമിത്തം വീടുവിട്ടിറങ്ങിയ മകന്‍ രതീഷിനെ തേടി ദിവസങ്ങളായി അലഞ്ഞ് വര്‍ക്കല വണ്ടിപ്പുര പാളയംകുന്ന് കുന്നുവിളവീട്ടില്‍ ബാബുവാണ് ഒടുവില്‍ കലയപുരം ആശ്രയ സങ്കേതത്തില്‍ നിന്നും മകനെ കണ്ടെത്തിയത്.
പത്താംക്ലാസ് വരെ പഠിച്ച രതീഷ് പൂമാല കെട്ടുന്നതുള്‍പ്പടെയുള്ള ജോലികള്‍ ചെയ്യുമായിരുന്നു. വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയിലാണ്. മാനസികപ്രശ്‌നങ്ങളുള്ള രതീഷ് പലപ്പോഴും വീടുവിട്ട് ഇറങ്ങുമെങ്കിലും താമസിയാതെ തിരിച്ചെത്തുമായിരുന്നു.
എന്നാല്‍ ഒന്നരമാസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ രതീഷ് തിരിച്ചെത്താതിനെതുടര്‍ന്ന് അയിരൂര്‍ പോലീസില്‍ പരാതി നല്‍കി. അവര്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സപ്തംബര്‍ അഞ്ചിന് രാത്രി 7.30ന് വെട്ടിക്കവല ജംഗ്ഷനില്‍ നിന്നും മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ കൊട്ടാരക്കര പോലീസ് സങ്കേതത്തിലെത്തിച്ചു. രതീഷ് എന്ന് പേര് പറഞ്ഞിരുന്നുവെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് സങ്കേതത്തിലെ മനോരോഗ വിദഗ്ധരുടെ ചികിത്സയിലായിരുന്നു. തകര്‍ന്നടിഞ്ഞ മനസുമായി ബാബു കൂലിപ്പണിക്ക് പോകുമെങ്കിലും ചില ദിവസങ്ങളില്‍ പണി ഒഴിവാക്കി തിരുവനന്തപുരം ജില്ലയിലും സമീപജില്ലകളിലെയും അനാഥാലയങ്ങളില്‍ മകനായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. തിരച്ചിലിനൊടുവിലാണ് സങ്കേതത്തിലെത്തിയത്. ബാബു സങ്കേതത്തില്‍ വച്ച് മകന്‍ രതീഷിനെ തിരിച്ചറിയുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
















