വിളപ്പില്‍: അടര്‍ന്നുവീഴാന്‍ ഊഴം കാത്തിരിക്കുന്ന ഓടുകള്‍, വിണ്ടുകീറിയ ചുമരുകള്‍, തൊണ്ടി മുതലുകള്‍ കൂട്ടിയിട്ട കുടുസു മുറികളില്‍ ഇഴജന്തുക്കള്‍ ഓടിക്കളിക്കുന്നു. അകത്തേക്ക് കയറാന്‍ ആരുമൊന്ന് അറയ്‌ക്കുന്ന കാലിത്തൊഴുത്തിനേക്കാള്‍ പരിതാപകരമായ പഴകിദ്രവിച്ച കെട്ടിടം. ഇതാണ് വിളപ്പില്‍ശാല പോലീസ് സ്‌റ്റേഷന്റെ അവസ്ഥ.
പോലീസുകാരുടെ വിശ്രമമുറി ഇതിലും കഷ്ടമാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന നെടുനീളന്‍ ഷെഡ്ഡ്, തകര്‍ന്ന മേല്‍ക്കൂരയും. മുപ്പതോളം പോലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞ് അന്തിയുറങ്ങുന്നതും ഇടവേളകളില്‍ വിശ്രമിക്കുന്നതും ഇതിനുള്ളിലാണ്. അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വാടക കെട്ടിടത്തിന് പകരം പുതിയ മന്ദിരം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം വന്നിട്ട് കാലങ്ങളായി. മുന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പഞ്ചായത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയ വിളപ്പില്‍ശാല ജംഗ്ഷനിലെ പത്തു സെന്റില്‍ ശിലാസ്ഥാപനവും നടന്നു. എന്നാല്‍ അനുവദിച്ചുവെന്ന് അന്ന് മന്ത്രിയും എംഎല്‍എയും വീമ്പുമുഴക്കിയ ഫണ്ട് ഇതേവരെ കെട്ടിട നിര്‍മ്മാണം നടത്തേണ്ട പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് കൈമാറിയില്ല. അടുത്തകാലത്ത് ഒരു പ്രതിയുടെ ദേഹത്ത് സ്‌റ്റേഷനിലെ മേല്‍ക്കൂരയില്‍ നിന്ന് ചിതലരിച്ച തടിക്കഷ്ണം അടര്‍ന്നുവീണിരുന്നു. ഭാഗ്യം കൊണ്ടാണ് പ്രതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പോലീസുകാരില്‍ പലര്‍ക്കും പലപ്പോഴും ഓടും പട്ടിയല്‍ തുണ്ടും വീണ് പരിക്കേറ്റിട്ടുണ്ടെങ്കിലും അവര്‍ ആരോടും പരാതി പറഞ്ഞിട്ടില്ല. ചോര്‍ച്ച സഹിക്കാനാവാതെ വരുമ്പോള്‍ പോലീസുകാര്‍ പണം മുടക്കി പ്ലാസ്റ്റിക് ഷീറ്റുവാങ്ങി കെട്ടിടത്തിനു മുകളില്‍ വലിച്ചുകെട്ടുകയാണ് പതിവ്.
















