പാലക്കാട്: ഗോവിന്ദാപുരം മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 35,150 രൂപ പിടിച്ചെടുത്തു. ഇന്നലെ രാവിലെ എട്ടുമണി മുതല്‍ പത്തരവരെയായിരുന്നു പരിശോധന. ചെക്പോസ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞ് പോകാനിറങ്ങിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം സ്വദേശി അനസ് മുഹമ്മദിന്റെ പോക്കറ്റില്‍ നിന്നാണ് പണം കണ്ടെടുത്തത്.
തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള ഡ്യൂട്ടിക്കിടെ മാമൂല് സംഖ്യയായി 35150 രൂപ ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തപ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് അടച്ചത് 20,000 രൂപയാണ്. ഒരു രാത്രിയിലെ അനധിക വരുമാനമാണ് 35150 രൂപ എങ്കില്‍ ഏറ്റവും കുടുതല്‍ വരുമാനം ലഭിക്കുന്നത് വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ ഇത് ലക്ഷം കവിയുമെന്നാണ് പറയുന്നത്.
ചെക്പോസ്റ്റ് വഴി കടന്നുപോകുന്ന ചരക്കുവാഹനങ്ങളില്‍ നിന്നും നൂറു മുതല്‍ 500 രൂപവരെയാണ് മാമൂലായി പിരിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ചെക്പോസ്റ്റ് പരിസരത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
മാമൂല് സംഖ്യ നിശ്ചിത തുകയാവുമ്പോള്‍ ഏജന്റുവശം കൊടുത്തയക്കുകയാണ് പതിവ്. പിറ്റേന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിപോകുമ്പോള്‍ ഏജന്റ് തുക കൈമാറുന്നതാണ് രീതിയെന്ന് നിരീക്ഷണത്തില്‍ വ്യക്തമായി. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിയോടെ വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചെക്പോസ്റ്റ് പരിസരത്ത് നിലയുറപ്പിച്ച് നിരീക്ഷണം നടത്തി.
ഏഴുമണിയോടെ പിരിച്ചെടുത്ത തുക ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ ഡ്യൂട്ടിമാറാനായി പാലക്കാടുനിന്നുള്ള ഉദ്യോഗസ്ഥര്‍ കാറില്‍ ഇവിടെ എത്തി. ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ എഎംവിഐയും ഓഫീസ് അറ്റന്‍ഡന്റും കാറില്‍ കയറി പോകാന്‍ തുടങ്ങവെ വിജിലന്‍സ് സംഘം വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി എം. സുകുമാരന്‍, സിഐ എം. ശശിധരന്, എഎസ്ഐ ബി. സുരേന്ദ്രന്, എസ്സിപിഒ പി.ബി. നാരായണന്, സിപിഒമാരായ എ.ബി. സന്തോഷ്, ജെ. ശങ്കര്‍, കെ.ആര്. അനില്‍കുമാര്‍, കെ.പി. രാജേഷ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: