ഷൊര്‍ണൂര്‍: സ്കൂള്‍ പാഠപുസ്തക അച്ചടി വൈകിപ്പിച്ച് പ്രിന്റിങ്ങ് സ്വകാര്യപ്രസ്സുകളെ സഹായിക്കാന്‍ നീക്കം. അച്ചടി സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും യഥാസമയം പ്രിന്റിങ് ഓര്‍ഡര്‍ നല്‍കാതെ നടപടികള്‍ വൈകിപ്പിക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം.
അവസാനനിമിഷം പ്രിന്റിങ് ഓര്‍ഡര്‍ നല്കുമ്പോള് സമയത്ത് അച്ചടി പൂര്‍ത്തിയാക്കാനാവാതെ വരും. ഈസമയത്ത് സ്വകാര്യപ്രസ്സുകളെ ഏല്പിക്കാനാണ് അധികൃതരുടെ ഉദ്ദേശ്യമെന്നാണ് സംഘടനകളുടെ ആരോപണം.
സപ്തംബറിലെങ്കിലും ഓര്‍ഡര്‍ ലഭിച്ചിരുന്നെങ്കില്‍ മാത്രമേ അടുത്ത അധ്യായനവര്‍ഷം തുടങ്ങുംമുമ്പ് അച്ചടി പൂര്‍ത്തിയാക്കാനാവൂ. എന്നാല്‍, ഒക്ടോബര്‍ പകുതി കഴിഞ്ഞിട്ടും അച്ചടിക്കാനുള്ള നിര്‍ദേശം പ്രസ്സുകളിലെത്തിയിട്ടില്ല. ഓരോ പ്രസ്സുകള്‍ക്കും നിശ്ചിത അളവില്‍ അച്ചടിക്കണമെന്നുള്ള പ്രിന്റിങ് ഓര്‍ഡര്‍ കിട്ടേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ അടുത്ത അധ്യയനവര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് സമയത്ത് പാഠപുസ്തകങ്ങള്‍ നല്‍കാനാവുമോയെന്ന കാര്യം സംശയമാണെന്ന് ജീവനക്കാര്‍ പറയുന്നു.
അതേസമയം, പ്ലസ് വണ്‍, പ്ലസ്ടു വിഭാഗത്തിലെ 48 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രസ്സുകളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്ക് ആകെ ആവശ്യമുള്ളതില്‍ 75 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള ഉത്തരവാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ 2011ലെ ഉത്തരവ് മരവിപ്പിച്ച് കഴിഞ്ഞവര്‍ഷംവരെ കെബിപിഎസ്സിനും സ്വകാര്യപ്രസ്സുകള്ക്കും പാഠപുസ്തകം അച്ചടിക്കാന്‍ മുന്‍സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇത് റദ്ദാക്കിയാണ് സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കാന്‍ നിലവിലെ സര്‍ക്കാര്‍ തീരുമാനിച്ചത്.
വാഴൂര്‍, ഷൊര്‍ണൂര്‍, മണ്ണന്തല സര്‍ക്കാര്‍ പ്രസ്സുകളില്‍ നാല് കളര്‍ യന്ത്രമുള്ളതിനാല്‍ മെച്ചപ്പെട്ട രീതിയില്‍ അച്ചടി നടത്താന്‍ ആധുനികസൗകര്യങ്ങളുണ്ട്. എന്നാല്‍ 2008നുശേഷം പാഠപുസ്തക അച്ചടി ഗവ. പ്രസ്സിന് നല്‍കിയിട്ടില്ല. സമയത്തിന് അച്ചടി പൂര്‍ത്തീകരിക്കാത്ത കാരണം പറഞ്ഞാണ് കെബിപിഎസ്സിലേക്ക് പൂര്‍ണമായും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: