സ്വന്തം ലേഖകന്‍
മലപ്പുറം: പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ കരട് പ്രസിദ്ധീകരിച്ചതോടെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നില്‍ ഉപഭോക്താക്കളുടെ തിരക്കേറി. മുന്‍ഗണന, മുന്‍ഗണനയിതര പട്ടികയെ ചൊല്ലി വ്യാപക പരാതികളാണ് ഉയരുന്നത്. പരാതികളറിയിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തതും ജനങ്ങളെ വലക്കുന്നുണ്ട്. ഈ 30 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം. പട്ടികയില്‍ നിന്നും അര്‍ഹതയുള്ളവര്‍ പുറത്താകുകയും അനര്‍ഹര്‍ വ്യാപകമായി സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിലെ കാലതാമസം വിനയായതോടെയാണ് റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ വേഗത്തിലാക്കി കാര്‍ഡ് വിതരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭക്ഷ്യസുരക്ഷ നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിനുള്ള അരിവിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. എട്ട് വര്‍ഷമായി പൂര്‍ത്തിയാകാതെ കിടന്നിരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പുതിയ കാര്‍ഡിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പ്രസ്ദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ പരാതി പ്രളയവും ആരംഭിച്ചു. പുതിയ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷം പരാതികളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് പരാതി നല്‍കേണ്ടത്. പുതിയ രീതി അനുസരിച്ച് ഇനി എപിഎല്‍, ബിപിഎല്‍ പട്ടികകള്‍ ഉണ്ടാകില്ല. മുന്‍ഗണന, മുന്‍ഗണനയിതര വിഭാഗങ്ങളാണ് ഉണ്ടാവുക. ഇതില്‍ മുന്‍ഗണനാ പട്ടിക സംബന്ധിച്ചാണ് പ്രധാനമായും പരാതികളുള്ളത്.
മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയെന്നും അര്‍ഹരായവര്‍ തഴയപ്പെട്ടുമെന്നുമാണ് പ്രധാന ആക്ഷേപം. ഒരേക്കറിലധികം ഭൂമി, 1000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകള്‍, നാലുചക്ര വാഹനം, സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ആദായ നികുതി നല്കുന്നവര് എന്നിവരൊന്നും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഭക്ഷ്യ ഭദ്രതാ നിയപ്രകാരം കേന്ദ്രം ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിക്കുക. അര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഒഴിവാക്കിയെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. മാത്രമല്ല, പരാതി സമര്‍പ്പിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളും താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പരാതികള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനു പുറമെ തപാല്‍ വഴിയും എത്തുന്നുണ്ട്. ഇങ്ങനെ ലഭിച്ച പരാതികള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍ കണ്‍വീനറായ സമിതി പരിശോധിച്ച് നവംബര്‍ 15ന് മുമ്പ് തീരുമാനമെടുക്കണം. തീരുമാനം വന്ന് ഏഴ് ദിവസത്തിനകം കാര്‍ഡുടമകള്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ അപ്പീല്‍ നല്കാന് അവസരമുണ്ട്. അപ്പീലില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ തീര്‍പ്പുണ്ടാക്കി ഡിസംബര്‍ 16ന് അന്തിമ പട്ടിക പ്രസിധീകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പരാതിപ്രളത്തിനിടയില് അന്തിമ പട്ടിക എത്രത്തോളം സാധ്യമാകുമെന്നത് സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: