നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ലോകത്തെ ശക്തമായ രാഷ്ട്രത്തെ നയിക്കുന്നതാരെന്ന് ജനുവരിയില്‍ അറിയാം. ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹിലരി ക്ലിന്റണോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനോ അതിനര്‍ഹത? എന്തായാലും വാദപ്രതിവാദങ്ങളുമായി ഇരുവരും മുന്നേറുമ്പോഴും അമേരിക്കക്കാര്‍ക്കിടയില്‍ ഇവര്‍ക്കെല്ലാം മീതെയാണ് പ്രഥമ വനിത മിഷേല്‍ ഒബാമ. ബരാക് ഒബാമക്കുപോലും മിഷേലിന്റെയത്ര ജനപ്രീതിയില്ല എന്നതാണ് രസകരം.
ഊര്‍ജ്ജസ്വലയാണ് മിഷേല്‍. ഭാരത സന്ദര്‍ശന വേളയില്‍ അത് ഇവിടുത്തുകാര്‍ക്കും മനസ്സിലായിട്ടുള്ളതാണ്. അന്ന് അവര്‍ നൃത്തം ചെയ്താണ് ജനത്തെ കൈയിലെടുത്തത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയാണെങ്കിലും താനൊരു സാധാരണക്കാരിയാണെന്ന് പെരുമാറ്റം കൊണ്ട് മിഷേല്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ അമേരിക്കക്കാര്‍ക്ക് അവരോടുള്ള ഇഷ്ടം ഒരിത്തിരി കൂടുതലാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ത്തകളില്‍ ഇടം നേടുന്ന പ്രശസ്തരില്‍ ആര്‍ക്കാണ് ജനം കൂടുതല്‍ മാര്‍ക്ക് നല്കുന്നതെന്നറിയാന് നടത്തിയ ഗാലപ് പോളില്‍ കൂടുതല്‍ പേര് അനുകൂലിച്ചത് മിഷേലിനെയാണ്. 59 ശതമാനം പേര്.
ബരാക് ഒബാമയാണ് 51 ശതമാനം പേരുടെ പിന്തുണയുമായി തൊട്ടുപിന്നില്‍. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പങ്കാളികളില്‍ ആര്‍ക്കാണ് മുന്‍തൂക്കം എന്നതും ഇപ്പോള്‍ ചര്‍ച്ചയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണാണ് ഇവര്‍ക്കിടയിലെ ഗ്ലാമര്‍ താരം. 49 ശതമാനം പേരാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനെ 38 ശതമാനം പേര് അനുകൂലിക്കുന്നു. സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനം പേരുടെ പിന്തുണയുമായി ഹിലരി മുന്നില്‍ നില്ക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെ 29 ശതമാനം പേരാണ് അനുകൂലിക്കുന്നത്.
മിഷേല്‍ പ്രഥമ വനിത എന്നതിനപ്പുറം അവര്‍ക്ക് ഔദ്യോഗിക പദവികള്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായ പ്രകടനങ്ങള്‍ കാര്യമാക്കേണ്ടതുമില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണുവേണ്ടി മിഷേലും പ്രചാരണ രംഗത്തുണ്ട്. എതിര് സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നത്. മുന്‍ പ്രഥമ വനിതയ്ക്കൊപ്പം മിഷേല്‍ വേദി പങ്കിട്ടുകൊണ്ട് ആരേയും ആവേശം കൊള്ളിക്കുന്ന ഉജ്ജ്വലമായ പ്രസംഗമാണ് മിഷേല്‍ കാഴ്ചവയ്ക്കുന്നത്.
2014 ല്‍ നടന്ന സര്‍വേയില്‍ യുഎസ് പ്രഥമ വനിതകളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു മിഷേല്‍. എലീനര്‍ റൂസ്വെല്‍റ്റായിരുന്നു ഒന്നാമത്. ആറാം സ്ഥാനത്ത് ഹിലരി ക്ലിന്റണ്. വൈറ്റ് ഹൗസില്‍, പ്രഥമവനിതാ പദം അലങ്കരിക്കുമ്പോഴും മിഷേല്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചു. ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. എന്നാല്‍ സാമൂഹിക വിഷയങ്ങളില്‍-ആരോഗ്യകരമായ ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി. ഇതെല്ലാം അവരെ ശക്തയായ വനിത എന്ന വിശേഷണത്തിന് അര്‍ഹയാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി മിഷേല്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തവും ചെറുതല്ല. സ്ത്രീകളേയും ന്യൂനപക്ഷത്തേയും യുവാക്കളേയും ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ച് മിഷേല്‍ നടത്തിയ രണ്ട് പ്രസംഗങ്ങള്‍ മികച്ചവയെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുപ്രവര്‍ത്തകര്‍ മോശം ഭാഷ ഉപയോഗിക്കുന്നതിനെ അപലപിച്ചുകൊണ്ട് മിഷേല്‍ നടത്തിയ പ്രസംഗം നിരവധിയാളുകളുടെ പ്രശംസ നേടിയിരുന്നു. സ്ത്രീകളെ നിരന്തരം അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തുന്ന ട്രംപിനെതിരായി ജനവികാരം ഉയരാനും ഇത് ഇടയാക്കി.
മിഷേല്‍ ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ആരാഞ്ഞവരും നിരവധിയാണ്. എന്നാല്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് മിഷേലും ഒബാമയും വ്യക്തമാക്കിയിരുന്നു.
അഭിഭാഷകയും എഴുത്തുകാരിയുമാണ് മിഷേല്‍. അമേരിക്കന്‍ വനിതകള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഇവര്‍. മാലിയയുടേയും സാഷയുടേയും അമ്മ എന്ന പദവിയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മിഷേല്‍ പറയും. പെണ്‍കുട്ടികളുടെ ഉന്നമനത്തിനാണ് മിഷേല്‍ കൂടുതല്‍ പരിഗണന നല്‍കുന്നതും. സൈനികരുടെ കുടുംബത്തിന് പിന്തുണ നല്‍കുക, ആരോഗ്യ ജീവിതം നയിക്കാന്‍ കുട്ടികളെ സഹായിക്കുക, യുവ ജനതയെ അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളുമായി വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയാലും മിഷേല്‍ മുന്നില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: