തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ ശ്രീകൃഷ്ണന്റെയും രാധയുടെയും എന്ന അടിക്കുറിപ്പോടെ അശ്ലീലചിത്രം പ്രചരിപ്പിച്ചതിനെതിരെ ഹിന്ദുഐക്യവേദി പരാതി നല്കി.
18-ാം നൂറ്റാണ്ടില്‍ വരച്ച അശ്ലീലചിത്രത്തെ രാധയും കൃഷ്ണനും വനത്തില്‍ പ്രേമിക്കുന്നു എന്ന അടിക്കുറിപ്പോടെ രഹ്ന ഫാത്തിമ പ്യാരിജാന് സുലൈമാന്‍ എന്ന മുന്‍ എസ്എഫ്ഐക്കാരിയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇത് ഹൈന്ദവവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരായ ജി. രാജേന്ദ്രകുമാര്‍, എം. പ്രകാശ് എന്നിവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
രഹ്ന ഫെയ്സ്ബുക്കില്‍ നല്‍കിയിരിക്കുന്ന വ്യക്തിഗത വിവരണത്തില്‍ താന്‍ മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയാണെന്ന് അവകാശപ്പെടുന്നു. നിലവില്‍ ബിഎസ്എന്‍എല്ലിലെ ടെലികോം ടെക്നീഷ്യയാണ്. എറണാകുളമാണ് സ്വദേശമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂരിലെ പുലികളിയില്‍ ആണുങ്ങളെ മാത്രം പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് രഹ്ന പുലിവേഷം അണിഞ്ഞ് പുലികളിയില്‍ പങ്കെടുത്തിട്ടുണ്ട്. പുലിവേഷമിട്ട് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനൊപ്പം ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോടിക്കണക്കിന് ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണനെ മനഃപ്പൂര്‍വം അവഹേളിക്കാനും അതിലൂടെ ഹൈന്ദവവിശ്വാസത്തെ മുറിവേല്പ്പിക്കാനുമാണ് രഹ്ന ഫാത്തിമ ഈ പോസ്റ്റിലൂടെ ശ്രമിച്ചിരിക്കുന്നത്.
കൂടാതെ നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢാലോചനയും ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ തടയാന്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: