ആലപ്പുഴ: ജില്ലയില്‍ ചില പ്രദേശങ്ങളിലെ താറാവുകളില്‍ എച്ച്5 എന്‍8 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു. മുമ്പുണ്ടായ എച്ച്5 എന്‍1 പോലെ മാരകമല്ല സ്ഥിതിവിശേഷമെന്നും വൈറസ് ബാധ മനുഷ്യരിലേക്ക് പകരില്ലെന്നും കളക്ടര്‍ പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. 10 ദിവസത്തേക്ക് ഇവിടെ നിന്നുള്ള താറാവ് കടത്തലിനും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിലെ താറാവുകളെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ പാടില്ല.
താറാവുകളുടെ കണ്ണിന് നീല നിറം കാണുന്നതാണ് പ്രത്യക്ഷ ലക്ഷണം. തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്ന വൈറസ് നാഡിവ്യൂഹത്തെ ബാധിച്ച് താറാവ് ഹൃദയാഘാതം മൂലം ചാകുകയാണ് ചെയ്യുന്നത്.
രോഗബാധിത താറാവുകളെ തരംതിരിച്ച് നശിപ്പിക്കുന്നതിനായി 20 ദ്രുതകര്‍മ സംഘത്തെ നിയോഗിച്ചു. ഇന്നും നാളെയുമായി രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കും. തുടര്‍ന്ന് ഇവയെ നശിപ്പിക്കും. ഒരു ദ്രുതകര്‍മസേനാ സംഘത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍, രണ്ട് ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ടു തൊഴിലാളികള്‍, രണ്ടണ്ട് അറ്റന്‍ഡര്‍മാര്‍, പഞ്ചായത്തംഗം, രണ്ടു വീതം റവന്യു ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടും. രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ റിപ്പോര്‍ട്ട് തയ്യാറാക്കി കളക്ടര്‍ക്ക് കൈമാറും. രോഗബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഇവരുടെ സൂഷ്മമായ നിരീക്ഷണത്തിലായിരിക്കും.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഇന്നുവരെ എച്ച്5 എന്‍8 വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതായി ചരിത്രമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി പറഞ്ഞു. ദ്രുതകര്‍മ സേന ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.
തകഴി, രാമങ്കരി, പാണ്ടങ്കരി, കൈനടി പ്രദേശങ്ങളിലാണ് രോഗബാധ കെണ്ടത്തിയത്. പള്ളിപ്പാടു നിന്നുള്ള സാമ്പിള്‍ ഫലം നെഗറ്റീവാണ്. ആരോഗ്യമുള്ള താറാവിന്റെ മുട്ടയും മാംസവും ഭക്ഷിക്കുന്നതിന് ഒരു കുഴപ്പവുമില്ലെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ താറാവ് വില്‍പ്പനകേന്ദ്രങ്ങളിലും മുട്ടവില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കും. കുട്ടനാട്ടിലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ഇറക്കാന്‍ അനുവദിക്കരുതെന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ പാടശേഖര സമിതി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. താറാവ് കടത്തുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ പട്രോളിങ് ശക്തമാക്കും.
രോഗലക്ഷണമുള്ള താറാവിനെ കെണ്ടത്തിയാലുടന്‍ സ്ഥലത്തെ വെറ്ററിനറി സര്‍ജനെ വിവരമറിയിക്കണം. രോഗം ഇവിടെ എത്തിയത് ദേശാടനപ്പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം. സൈബീരിയയില്‍ നിന്നും പാകിസ്ഥാനിലേക്കും ദല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും ഇവ എത്തിപ്പെടാനാണ് സാദ്ധ്യത. രോഗബാധയുള്ള പ്രദേശങ്ങളില്‍ താറാവുമായി ഇടപഴകിയവര്‍ക്ക് ചെറിയ ജലദോഷം കണ്ടാല്‍ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തി ചികിത്സ തേടണം. പനിയോ ജലദോഷമോ ഉള്ളവര്‍ താറാവുമായി ഇടപഴകരുത്. യോഗത്തില്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍, ഡിഎംഓ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
















