കല്‍പ്പറ്റ : ജില്ലാ യുഡിഎഫ് നേതൃത്വത്തെ അഴിമതി ആരോപണങ്ങള്‍ വേട്ടയാടുകയാണ്. ആശിക്കും ഭൂമി അഴിമതി, വയനാട് ജില്ലാ സഹകരണ ബാങ്കിലവെ അഴിമതി, ഇവക്കുപിന്നാലെ അഴിമതി ആരോപണത്തെതുടര്‍ന്ന് ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്മാന് സ്ഥാനം മുന്‍ ഡിസിസി പ്രസിഡന്റ്പ്രൊഫശര് കെ. പി.തോമസിന് നഷ്ടമായി.
പാര്‍ട്ടി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നുകണ്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് നിര്‍ദേശിച്ചതനുസരിച്ച് ഡിസിസി മുന്‍ പ്രസിഡന്റ് പ്രൊഫ.കെ.പി. തോമസ് ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്മാന് സ്ഥാനം രാജിവച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വൈസ് ചെയര്മാന് ഡോ. സണ്ണി ജോര്‍ജിനെ ഏല്‍പ്പിച്ച രാജിക്കത്ത് തിങ്കളാഴ്ച ചേര്‍ന്ന ബാങ്ക് ഭരണസമിതിയുടെ അടിയന്തരയോഗത്തിന്റെ അംഗീകാരത്തോടെ ജനറല്‍ മാനേജര്‍ക്ക് കൈമാറി. ജനറല്‍ മാനേജര്‍ തുടര്‍നടപടികള്‍ക്കായി കത്ത് അടുത്ത ദിവസം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കും. ബാങ്ക് ഭരണസമിതിയംഗത്വം പ്രൊഫ. തോമസ് ഒഴിഞ്ഞിട്ടില്ല.
പൂര്‍ണമായും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കില്‍ 2012 മുതല്‍ നടന്ന നിയമനങ്ങളില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന ആരോപണം പാര്‍ട്ടി ബന്ധമുള്ള സഹകാരികളാണ് ഉന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനു കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്മാന് മരിയാപുരം ശ്രീകുമാറിനെ ഏകാംഗ കമ്മീഷനായി നിയോഗിക്കുകയുണ്ടായി. തെളിവെടുപ്പ് നടത്തിയ കമ്മീഷന്, നിയമനങ്ങള്‍ സുതാര്യമല്ലെന്നും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് കെപിസിസിക്ക് റിപ്പോര്‍ട്ട് ചെയ്തത്. കമ്മീഷന് കല്പറ്റയില് നടത്തിയ സിറ്റിംഗില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം 34 പേര് രേഖാമൂലവും നാല്‍പ്പതോളം പേര് വാക്കാലും തെളിവു നല്‍കിയിരുന്നു. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 23ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.സുരേഷ്ബാബു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം മറുപടി ഇല്ലെന്ന നിഗമനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസില്‍. ആഴ്ചകള്‍ക്കുശേഷം പ്രൊഫ.തോമസ് നല്കിയ മറുപടി തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി വിലയിരുത്തിയത്. പിന്നീട്, പദവി ഒഴിയണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെങ്കിലും പ്രൊഫ. തോമസ് കൂട്ടാക്കിയില്ല. ഒടുവില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഖേന രേഖാമൂലം നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് രാജി.
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് മുഖേനയുള്ള നിയമനങ്ങള്‍ അട്ടിമറിച്ച അര്‍ബന്‍ ബാങ്ക് ഭരണസമിതി പ്യൂണ്‍ തസ്തികയിലുള്ളവര്‍ക്ക് ക്രമവിരുദ്ധമായി ഉദ്യോഗക്കയറ്റം നല്കി ആവശ്യത്തിലധികം പേരേ സബ്സ്റ്റാഫ് വിഭാഗത്തില്‍ നിയമിക്കുയുണ്ടായി. സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ബാങ്കില്‍ ഒരു ജൂനിയര്‍ ക്ലാര്‍ക്കിനും രണ്ട് പ്യൂണ്മാര്ക്കും 2010-’13 കാലയളവില്‍ നിയമനം നല്കി. ബാങ്കില്‍ പ്യൂണ്‍ തസ്തികകളില്‍ നിയമനത്തിനു 2010 നവംബര്‍ 11ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 2011 നവംബര്‍ 10 വരെയായായിരുന്നു ഇതിനു സാധുത. എന്നാല്‍ ഭരണസമിതി നിയമാനുസൃത അനുമതിയില്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നിയമനങ്ങള്‍ നടത്തി. ഈ ക്രമക്കേടിനു 2007 മുതല്‍ തുടരുന്ന ഭരണസമിതികള്‍ ഉത്തരവാദികളാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ബന്‍ ബാങ്കില്‍ വിവിധ തസ്തികകളില്‍ 2007നും 2012നും ഇടയില്‍ എട്ടും 2012നും 2016നും ഇടയില്‍ 22-ഉം നിയമനങ്ങളാണ് നടന്നത്.
നിയമനങ്ങളില്‍ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തിയെങ്കിലും ഭരണസമിതിക്കെതിരെ നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് സഹകാരികള്‍ കെപിസി സി പ്രസിഡന്റിനെ സമീപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞും വന്‍തുക കോഴവാങ്ങിയും ഭരണസമിതി നടത്തിയ നിയമനങ്ങളാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ യു.ഡി.എഫിന്റെ പരാജയത്തിനു കാരണമായതെന്ന് ചില പരാതികളില്‍ വിശദീകരിച്ചിരുന്നു.
13 അംഗങ്ങളാണ് അര്‍ബന്‍ ബാങ്ക് ഭരണസമിതിയില്‍. പ്രൊഫ.തോമസിനും വൈസ് ചെയര്‍മാനും പുറമേ പി.എം.തോമസ്, സി.എം. മേരി, മേഴ്സി സാബു, അന്നക്കുട്ടി മാത്യു, കെ.ജെ. മറിയക്കുട്ടി, വി.വി.വര്‍ഗീസ്, സക്കറിയ മണ്ണില്‍, എം.എസ്.വിശ്വനാഥന്, ഒ.എം.ജോര്‍ജ്, സി. പി.വര്‍ഗീസ്, ആര്.പി.ശിവദാസ് എന്നിവരാണ് ഭരണസമിതിയിലുള്ളത്. ഇതില്‍ ഡിസിസി സെക്രട്ടറിയുമായ ആര്. പി.ശിവദാസായിരുന്നു നേരത്തേ വൈസ് ചെയര്മാന്. നിയമനങ്ങളിലടക്കം നടന്ന ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിനു ബാങ്ക്ഭരണസമിതി 201 3 മെയില്‍ ശിവദാസിനെ പദവിയില്‍നിന്നു നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: