രാജപുരം: കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനി ഉറപ്പു നല്കിയ നഷ്ടരിഹാര തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കോടതി കയറാനൊരുങ്ങുന്നു. കള്ളാര്‍ പഞ്ചായത്തില്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി പ്രീമിയം അടച്ച 158 കര്‍ഷകരാണ് അവകാശപ്പെട്ട നഷ്ടപരിഹാര തുക ലഭിക്കാന്‍ കോടതിയെ സമീപിക്കുന്നത്.
2013-14 വര്‍ഷത്തിലാണ് കള്ളാര്‍ കാര്‍ഷിക വികസന സമിതിയുടെ കീഴിലുളള പഞ്ചായത്തിലെ 158 കര്‍ഷകര്‍ വിവിധ വിള ഇന്‍ഷൂറന്‍സില്‍ അംഗങ്ങളായത്. 2011 ലാണ് കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയും ചേര്‍ന്ന് മഴക്കെടുതിയില്‍ കാര്‍ഷിക നാശം വന്ന കര്‍ഷകരെ സഹായിക്കാന്‍ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്കരിച്ചത്. തിരുവനന്തപുരം അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ നോഡല്‍ ഏജന്റായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാഞ്ഞങ്ങാട് ശാഖ മുഖേനയാണ് കര്‍ഷകര്‍ പ്രീമിയം അടച്ചത്.
തെങ്ങ്, കവുങ്ങ്, കുരുമുളക് കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയത്. കവുങ്ങിന് 1080 രൂപ, തെങ്ങിന് 840 രൂപ, കുരുമുളകിന് 940 രൂപ എന്നിങ്ങനെയാണ് പ്രീമിയം തുകയായി കര്‍ഷകരില്‍ നിന്ന് ഈടാക്കിയത്. ഇതുപ്രകാരം യഥാക്രമം ഒരേക്കറിന് 18000, 14000, 16000 എന്നിങ്ങനെ നഷ്ടപരിഹാരമായി നല്‍കുമെന്നാണ് കമ്പനി വ്യവസ്ഥ. എന്നാല്‍ പ്രീമിയം ചേര്‍ന്ന വര്‍ഷത്തിലുണ്ടായ കനത്ത മഴയില്‍ തന്നെ വ്യാപക കാര്‍ഷിക നാശമുണ്ടായിട്ടും നിയമപ്രകാരമുള്ള നാശനഷ്ടതുക നല്കാന് ഇന്‍ഷൂറന്‍സ് കമ്പനി തയ്യാറായില്ലെന്നും പരാതിക്കാരായ കര്‍ഷകര്‍ പറയുന്നു. കള്ളാര്‍ പഞ്ചായത്തില്‍ മഴയുടെ അളവ് രേഖപ്പെടുത്താന്‍ കമ്പനി സ്ഥാപിച്ച പാരാമീറ്ററില്‍ മഴയുടെ തോത് കുറവായിരുന്നെന്നും തുക നല്കാന് കഴിയില്ലെന്നുമാണ് കമ്പനിയുടെ വാദമെന്നും കര്‍ഷകര്‍ പറയുന്നു.
കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി കൃഷി ഓഫീസര്‍ നല്കിയ സാക്ഷ്യപത്രവും പത്രവാര്‍ത്തകളും കമ്പനിക്ക് നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് കര്‍ഷകര്‍ ഇന്‍ഷൂറന്‍സ് ഓംബുഡ്സ്മാന് പരാതി നല്കി. ഓംബുഡ്സ്മാന് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് 2016 മാര്‍ച്ച് 31 ലെ വിധിയില്‍ കാര്‍ഷിക നാശം സംഭവിച്ച വിളകളായ കവുങ്ങിന് 6000 രൂപ, കുരമുളകിന് 4000 രൂപ, തെങ്ങിന് 3000 രൂപ എന്ന തോതില്‍ നഷ്ടപരിഹാരം നല്കാന് ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതും നല്കാന് തയാറാകാത്തതിനെ തുടര്‍ന്നാണ് ഇന്‍ഷൂറന്‍സ് തുക നല്‍കാതെ കബളിപ്പിച്ച കമ്പനിക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കള്ളാര്‍ കര്‍ഷക വികസന സമിതി പ്രസിഡന്റ് കൊട്ടോടിയിലെ എം.രഞ്ജിത് നമ്പ്യാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: