സ്വപ്നാടനം’ എന്ന എന്റെ ആദ്യചലച്ചിത്രത്തിന്റെ പ്രിവ്യൂ എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. എറണാകുളത്തെ ഫിലിം സൊസൈറ്റി മുന്‍കൈയടുത്ത് നടത്തിയ ഈ പ്രദര്ശനത്തിനോടനുബന്ധമായി സെബാസ്റ്റിയന് പോളും പീറ്റര്‍ ലാലും ബാബു മേത്തറും ജോണ്‍പോളുമൊക്കെ താല്പര്യമെടുത്ത് വൈഎംസിഎ ഹാളില്‍ സെമിനാറും ഏകോപിപ്പിക്കുകയുണ്ടായി. എന്റെ ഗുരുനാഥന്‍കൂടിയായ രാമുകാര്യാട്ടാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. എം.കെ. സാനുമാസ്റ്ററായിരുന്നു മുഖ്യപ്രഭാഷകന്‍. കാരാട്ട്സാര് എന്നോടുള്ള വാത്സല്യത്തെ കരുതി ഇതിനായി മദിരാശിയില്‍ നിന്ന് വരികയായിരുന്നു.
തന്റെ പ്രസംഗത്തില്‍ പ്രേക്ഷകസാമാന്യം നല്ല സിനിമകളോടു കാണിക്കുന്ന അലക്ഷ്യത്തെക്കുറിച്ചും കച്ചവടസിനിമകളുടെ പുറകെ ഭ്രാന്തമായി അണിചേരുന്നതിനെക്കുറിച്ചും പരിഭവസ്വരത്തില്‍ കാര്യാട്ട് സാര്‍ പരാമര്‍ശിച്ചു. തന്റെ ഭാര്യക്കുവരെ തന്റെ ചിത്രങ്ങളെക്കാള്‍ പ്രിയം എംജിആര്‍ ചിത്രങ്ങളോടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകാഭിരുചി വളരുകയും മെച്ചപ്പെട്ട ആസ്വാദന സംസ്കാരം ഉണ്ടാവുകയൂം ചെയ്താലേ നല്ല സിനിമകള്‍ ഇവിടെ വേരോടൂ എന്നാണദ്ദേഹം സമര്‍ത്ഥിച്ചത്.
സാനുമാസ്റ്റര്‍ തന്റെ പ്രഭാഷണത്തില്‍ പ്രധാനമായും ഊന്നിയത് കാര്യാട്ട് സാറിന്റെ ഈ നിരീക്ഷണത്തിലാണ്. യോജിച്ചുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ ഹേതുന്യായങ്ങളെ വിശകലനം ചെയ്തതിലുള്ള തന്റെ വിയോജിപ്പ് അദ്ദേഹം പഴുതുകളില്ലാത്തവിധം ഒരുദാഹരണകഥയിലൂടെ സ്വതഃസിദ്ധമായ വൈഭവത്തോടെ സമര്‍ത്ഥിച്ചു.
പഴയ നാടോടിക്കഥയാണ് സാനുമാസ്റ്റര്‍ പറഞ്ഞത്:
ഒരിക്കല്‍ ഒരിടത്ത് ഒരിടയ ബാലനുണ്ടായിരുന്നു. അച്ഛനമ്മമാരുടെ ഏക സന്താനമായിരുന്നു അവന്. ആടുകളെ നയിച്ചുകൊണ്ടു കാട്ടില്‍ പോകുമ്പോഴും തെളിച്ചു മടങ്ങുമ്പോഴും അല്ലാത്തപ്പോഴും, എല്ലായ്പ്പോഴും തന്നെ, അവന്റെ നന്മയെക്കരുതി അവന്റെ പിതാവ് എല്ലാ കാര്യങ്ങളിലും ഇടപെടുകയും അവനെ നേരാംവണ്ണം നയിക്കുവാന്‍ നിര്‍ദ്ദേങ്ങള്‍ നല്‍കുകയും ചെയ്തുപോന്നു. അതവനില്‍ നീരസമുണ്ടാക്കി. തന്റെ യഥേഷ്ട സ്വാതന്ത്ര്യത്തില്‍ വിലക്കുകള്‍കൊണ്ട് ഇടപെടുന്ന പിതാവിനെ അവന് ശത്രുപക്ഷത്തു കണ്ടു. തക്കംപാര്‍ത്ത് കാട്ടില്‍ ഒരൊഴിഞ്ഞ ഇടത്തില്‍വച്ച് വലിയ പാറക്കല്ലുകൊണ്ട് പുറകില്‍നിന്ന് തലയിലാഞ്ഞടിച്ചു അവന് പിതാവിനെ വകവരുത്തി. മൃതശരീരം ഒളിപ്പിച്ചു.
ഇനി യഥേഷ്ടം വിഹരിക്കാം എന്നായിരുന്നു അവന്റെ കണക്കുകൂട്ടല്‍. ഭര്‍ത്താവുകൂടി നഷ്ടപ്പെട്ടപ്പോള്‍ പിന്നെ ഏകാശ്രയവും പ്രതീക്ഷയും അവന്റെ മാതാവിന് അവന് മാത്രമായതോടെ അവര്‍ പിതാവിനേക്കാള്‍ ജാഗരൂകമായി അവന്റെ കാര്യങ്ങളില്‍ ഇടപെടുവാനും നിര്‍ദ്ദേശങ്ങള്‍ കൊണ്ട് അവനെ നിയന്ത്രിക്കുവാനും തുടങ്ങി. പിതാവിനേക്കാള്‍ വലിയ ശത്രുവായി മാതാവിനെ കണ്ട മകന് തക്കം നോക്കി ആദ്യം കിട്ടിയ സന്ദര്‍ഭത്തില്‍ മാതാവിനെയും വധിച്ചു. മൃതദേഹം ഒളിപ്പിച്ചു.
പക്ഷേ, എങ്ങനെയോ ഇവരുടെ തിരോധാനം സംശയങ്ങള്‍ ഉണര്‍ത്തി. അന്വേഷണങ്ങള്‍ അവര്‍ രണ്ടുപേരെയും മകന് നിഷ്ഠൂരമായി കൊലചെയ്യുകയായിരുന്നു എന്ന സത്യം വെളിച്ചത്തുകൊണ്ടുവന്നു. കുറ്റവാളിയായ അവനെ കോടതി വിസ്തരിച്ചു. നീചമായ കുറ്റങ്ങള്‍ രണ്ടും അവന് ചെയ്തിരിക്കുന്നു എന്ന് സംശയാതീതമായി തെളിഞ്ഞിരിക്കെ പരമമായ ശിക്ഷ അവന് വിധിക്കാതിരിപ്പാന് എന്തെങ്കിലും ന്യായം ബോധിപ്പിക്കാനുണ്ടോ എന്നാരാഞ്ഞ നീതിപീഠത്തെ നോക്കി കൈകള്‍ കൂപ്പി നിരുദ്ധകണ്ഠനായി അവന് പറഞ്ഞു.
‘അച്ഛനും അമ്മയുമില്ലാത്ത ഒരാനഥനാണു ഞാന്‍; എന്നോട് അലിവു കാണിക്കേണമേ!’
പ്രേക്ഷക സമൂഹത്തിന് സ്വതവേ ജന്മസിദ്ധമായും ആര്‍ജിതമായും സ്വന്തമായുണ്ടായിരുന്ന കലാപരമായ നിലവാരത്തെയും അഭിരുചിയെയും അധമകലാസൃഷ്ടികള് കൊണ്ട് നീചമായി വകവരുത്തി ഇല്ലാതാക്കിയശേഷം കൈകള്‍ കൂപ്പി നിരുദ്ധകണ്ഠമായി പ്രേക്ഷകാഭിരുചി അനുകൂലമല്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ക്കു നല്ല സിനിമകള്‍ കാഴ്ചവയ്ക്കാനാകാത്തത് എന്ന് പരിതപിക്കുന്ന ചലച്ചിത്രകാരന്മാര് ആടുന്നത് ആ ഇടയബാലന്റെ വേഷം മാത്രമാണെന്ന് സൗമ്യത വിടാതെ മന്ദദാര്ഢ്യമാര്ന്ന കീഴ്ശ്രുതിയില് അലിവു വറ്റാത്ത ഒരു ചെറുപുഞ്ചിരി മുഖത്തു പ്രകാശിപ്പിച്ചുകൊണ്ട് സാനുമാസ്റ്റര്‍ പറഞ്ഞപ്പോള്‍ അതേറ്റവും ആസ്വദിച്ചു തലകുലുക്കി ചിരിച്ച് കൈകള്‍ കൂട്ടിത്തിരുമ്മി കാര്യാട്ട് സാര്‍!
സാനുമാസ്റ്ററെക്കുറിച്ച് വായിച്ചുള്ള അറിവാണാദ്യം. എന്നോടിദ്ദേഹത്തെക്കുറിച്ച് ആദ്യം സംസാരിക്കുന്നത് റോസി തോമസാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയ ഉടനെ ഞാന്‍ സിനിമയാക്കുവാനാഗ്രഹിച്ച പ്രമേയം റോസി തോമസിന്റെ ഓര്‍മ്മകളിലെ സി.ജെ. തോമസ് ആയിരുന്നു. ഇവന് എന്റെ പ്രിയ സി.ജെ എന്ന റോസി തോമസിന്റെ പുസ്തകത്തിന്റെ ചലച്ചിത്രാവകാശം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വരാപ്പുഴയിലെ പുത്തന്‍പള്ളിയില്‍ തോമസ് വില്ലയിലെത്തിയ എന്നോട് അന്ന് ഒത്തിരി നേരം റോസിതോമസ് സംസാരിച്ചു. സംസാരിച്ചതത്രയും സി.ജെ. തോമസിനെക്കുറിച്ചായിരുന്നു. സി.ജെ. തോമസിന്റെ രൂപാകൃതി സംബന്ധിച്ചു ഫോട്ടോഗ്രാഫുകളില്‍ കാണുന്നതിനപ്പുറമുള്ള സൂക്ഷ്മാംശങ്ങള്‍ ചോദിച്ചറിയുവാനുള്ള എന്റെ വ്യഗ്രത കണ്ട് റോസി തോമസ് പറഞ്ഞു:
”ജോര്‍ജ് സാനുവിനെ ചെന്നു കാണൂ. സാനുവിന് കൃത്യതയോടെ വര്‍ണ്ണിച്ചു പറയുവാന്‍ കഴിയും. കാണുന്ന ആളെയും വായിക്കുന്ന ആശയത്തെയും ഉദിക്കുന്ന ചിന്തയെയും മനസ്സില്‍ കാഴ്ചയായി സൂക്ഷിക്കുന്ന കണ്ണാടിയാണു സാനുവിന്റെ മനസ്സ്. ആ കണ്ണാടിയില്‍ നോക്കി മനസ്സിലെ ചിത്രം കിറുകൃത്യമായിട്ട് വിശദമായി പറഞ്ഞുതരാന്‍ സാനുവിന് പ്രത്യേക വിരുതുണ്ട്….”
ജെ.കെ.വിയുമായി ചേര്‍ന്ന് തിരക്കഥയുടെ പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും ആ ചിത്രം പക്ഷേ നടന്നില്ല. സാനുമാസ്റ്ററെ പോയി കണ്ടുമില്ല.
അന്ന് ‘സ്വപ്നാടന’ത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ സാനുമാസ്റ്ററുടെ പ്രസംഗം ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. ഭാവസ്തോഭങ്ങളൊന്നും ചേഷ്ടകളിലില്ലാതെ ചുണ്ടിലൊളിപ്പിച്ച നേര്‍ത്ത ചിരിയുമായി സാനുമാസ്റ്റര്‍ സംസാരിക്കുമ്പോള്‍ ആ വാക്കുകള്‍ കേള്‍വി മനസ്സില്‍ ഇടയബാലന്റെയും അവന്റെ ഹതഭാഗ്യരായ മാതാപിതാക്കളുടെയും അവന് ശിക്ഷ വിധിക്കുന്ന നാട്ടുകോടതിയുടെയുമെല്ലാം ചിത്രങ്ങള്‍ കൃത്യതയോടെ വരച്ചു നല്‍കുകയായിരുന്നു.
അന്നു വൈകിട്ട് കാര്യാട്ട് സാറും ആ വാങ്മയ ശൈലിയുടെ അനന്യമായ ഈ പ്രത്യേകതയെക്കുറിച്ച് ആദരപൂര്‍വം പരാമര്ശിച്ചതുമോര്ക്കുന്നു.
സാനുമാസ്റ്ററുടെ വേറിട്ട പ്രസംഗ ശൈലിയിലെ മികവിനെക്കുറിച്ച് മുമ്പേ കേട്ട ഖ്യാതി അല്പം പോലും അതിശയോക്തിയില്ലെന്നു ആ കേള്‍വിയനുഭവം സാക്ഷ്യപ്പെടുത്തി.
ചര്‍ച്ച കഴിഞ്ഞ് ഒരഞ്ചു മിനിറ്റു നേരം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. പിന്നീട്, അടുത്തൊരു ദിവസം എംജി റോഡിലെ ഫുട്ട്പാത്തില്‍ സായാഹ്ന നടത്തയ്ക്കിറങ്ങിയ അദ്ദേഹത്തെ എതിരെ കണ്ടപ്പോഴും രണ്ടുതവണയും സംസാരിച്ചത് ‘സ്വപ്നാടന’ത്തെക്കുറിച്ചാണ്. വളരെ ശ്രദ്ധയോടെ അദ്ദേഹം ചിത്രം കണ്ടിരിക്കുന്നു; കൃത്യതയോടെ അതിലെ സൂക്ഷ്മാംശങ്ങളെ ഓര്‍ക്കുന്നു.
ചിത്രത്തിന്റെ പ്രമേയം മുഖ്യകഥാപാത്രത്തിന്റെ മനഃക്ഷോഭധാരകളും വിഭ്രമവിഹ്വലതകളും ഉല്ക്കണ്ഠവ്യഥകളുമായതുകൊണ്ടാണോ അതിനങ്ങനെ ഒരു ക്ലിനിക്കല്‍ സ്വഭാവം നല്‍കിയതെന്നായിരുന്നു ആദ്യ ചോദ്യം. അതുപ്രകാരം മുമ്പേ നിശ്ചയിച്ചു നല്കിയതാണോ അതോ വികസിപ്പിച്ചുവന്നപ്പോള്‍ അപ്രകാരമൊരു രൂപം സ്വയമുടലെടുത്തതാണോ എന്നറിയുവാന്‍ അദ്ദേഹം താല്പര്യം കാണിച്ചു. ഇതിങ്ങനെയൊരു ഘടനയുടെ പ്രകൃത്തതിലേ വന്നെത്തൂ എന്ന് ഒരേകദേശരൂപം തുടക്കംതൊട്ടേ മനസ്സിലുണ്ടായിരുന്നു. എന്നല്ലാതെ കൃത്യമായി അതു മുന്‍കൂട്ടി സങ്കല്‍പ്പിച്ചിരുന്നില്ല എന്ന എന്റെ മറുപടി അദ്ദേഹത്തിന് ഇഷ്ടമായി.
അങ്ങനെയാണ് സംഭവിച്ചിരിക്കുക എന്നു താനൂഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യകഥാപാത്രത്തിന്റെ മനസ്സിലുണരുന്ന ഓര്‍മ്മകള്‍ക്ക് ചിത്രത്തില്‍ നല്കിയ കാലക്രമ നൈരന്തര്യം യഥാതഥത്തിനന്യമല്ലേ എന്നതായിരുന്നു തുടര്‍ സന്ദേഹം. ആകാം; പക്ഷേ അതു ഞാന്‍ മനഃപൂര്‍വ്വം ഉദ്ദേശിച്ചതാണെന്നായിരുന്നു എന്റെ മറുപടി. കഥാപാത്രത്തിന്റെ മനസ്സില്‍ താനേ മുളയിടാവുന്ന ഓര്‍മ്മകളിലെ ശിഥില പ്രകൃതം ഞാനൊഴിവാക്കിയതാണ്. ഞാന്‍ കഥാപാത്രത്തെക്കൊണ്ടു ഓര്‍മ്മിപ്പിക്കുകയാണ്. അതെന്റെ ഇടപെടലാണ്. സ്വാഭാവികമായും ഞാന്‍ വിഭാവനം ചെയ്യുന്ന വൈകാരികാനുഭൂതിയുടെ ദൃശ്യപ്രാപ്തി അനുഭവവേദ്യമാക്കുകതന്നെയാണ് ആ ഇടപെടലിന്റെ ലക്ഷ്യം. സൈക്യാട്രിയിലെ സൈദ്ധാന്തിക ശരികളാവണമെന്നില്ലല്ലോ കഥാപ്രകാശനത്തിലെ പ്രയോഗ ശരികള്‍. എന്നോടു നൂറുശതമാനവും യോജിച്ചുകൊണ്ട് സാനുമാസ്റ്റര്‍ പറഞ്ഞു:
”മനസ്സിന്റെ സഞ്ചാര വഴികള്‍ അനുമാനിക്കാമെന്നല്ലാതെ കൃത്യമായി പ്രവചിക്കുവാനാവില്ലെന്ന് ഫ്രോയിഡ് തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്.”
സാനുമാസ്റ്ററുടെ മാധ്യമമല്ല സിനിമ. ആ മാധ്യമത്തെക്കുറിച്ചു പ്രേക്ഷകന്റെ സംവേദന ശീലവൃത്തത്തില്നിന്നുകൊണ്ടുള്ള വേഴ്ച മാത്രമേ അദ്ദേഹത്തിനുള്ളൂ. പക്ഷേ കാണുന്ന ഓരോ സിനിമയും വായിക്കുന്ന ഓരോ ഗ്രന്ഥം പോലെതന്നെ ഓരോ ജീവിത പുസ്തകമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ചിത്രം തന്നിലെന്ത് അനുഭൂതി പ്രസരമാണുണര്ത്തിയതെന്നത് അയവിറക്കുമ്പോള്‍ മാധ്യമ പരിചയം എന്നത് അതിന്റെ സാങ്കേതിക പണിയായുധങ്ങള്‍ മാത്രമാണെന്നും അതിനേക്കാള്‍ പ്രധാനവും പ്രസക്തവും ആ സ്വീകാര നിരാകരണതലം തന്നെയാണെന്നും അദ്ദേഹത്തെപ്പോലെ കലാമര്‍മ്മജ്ഞനായ ഒരാള്‍ തിരിച്ചറിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കാവ്യം പഠിച്ചു വിലയിരുത്തുന്നതും ചലച്ചിത്രം അപഗ്രഥനവിധേയമാക്കുന്നതും തമ്മില്‍ അവലംബിക്കുന്ന സങ്കേതങ്ങളിലല്ലേ ഉള്ളൂ വ്യത്യാസം.
ചിത്രാരംഭത്തില്‍ കടല്ക്കരയിലെ പൂഴിമണലില്‍ മുഖമൊളിപ്പിച്ചുകിടക്കുന്ന കഥാനായകന്റെ മനസ്സിലെ വിറങ്ങലിപ്പ് ഒരൊളിച്ചോട്ടത്തിന്റെ ഊഴത്തിനായി തേങ്ങിയതും കാറ്റിന്റെ ശീല്‍ക്കാരത്തിനൊപ്പം തിരകളുടെ ഗര്ജ്ജാരവവും അവന്റെ കാതില്‍ അസ്വാസ്ഥ്യത്തിന്റെ വേലിയേറ്റമായി മുഴങ്ങിയപ്പോള്‍ ഭീതിയോടെ അവന് ഞടുങ്ങി ചക്രവാളച്ചെരുവിലേക്കു ദൃഷ്ടി തിരിച്ചതും അവിടെ അസ്മയത്തിനു മുമ്പുള്ള രക്തഛവി മേഘപാളികളെ കാര്‍ന്നു തിന്നുന്ന ചിത്രം കണ്ട് അശരണനായി എഴുന്നേറ്റ് ഇടറുന്ന ചുവടുകളോടെ തനിക്കായി വിധിക്കപ്പെട്ടിരിക്കുന്ന തുടര്‍കാല ജീവിതത്തിന്റെ പരുഷ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നിരാ്രശയനായി ഗത്യന്തരമില്ലാതെ അവന് നടന്നു ചേരുന്നതുമായ ദൃശ്യങ്ങള്‍ അവയുടെ എല്ലാ സൂക്ഷ്മാംശങ്ങളുമടക്കം കൃത്യതയോടെ അയവിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴുമുണ്ട് എന്റെ കാതില്‍:
”കഥയും കഥാപാത്രവും എല്ലാം വ്യത്യസ്തമായിരിക്കേയും ആ ദൃശ്യം കണ്ടിരുന്നപ്പോള്‍ കടലലറിയതും കാറ്റ് ശകാരിച്ചതും എന്റെ കാതിലാണെന്ന് ഒരു നിമിഷത്തേക്ക് എനിക്കു തോന്നി; ഞാന്‍ തന്നെയാണ് അയാളെന്നും!”
ചിത്രത്തിലെ ഒരു സ്വീകെന്സിനെക്കുറിച്ചോ കഥയിലെ ഒരു മുഹൂര്‍ത്തത്തെക്കുറിച്ചോ അല്ല; ഒരു ദൃശ്യത്തെക്കുറിച്ചാണ്, ആ ദൃശ്യത്തെ പകര്‍ത്തി നല്കിയ ഏതാനും ഫ്രെയിമുകളെക്കുറിച്ചാണ് സാനുമാസ്റ്റര്‍ ഇത്ര സൂക്ഷ്മതയോടെ, കൃത്യതയോടെ സാത്മസാക്ഷ്യം നടത്തിയതെന്നോര്‍ക്കണം. കവിതയിലെ ഒരു വരിയില്‍നിന്ന്, ഒരു പ്രയോഗ ശൈലിയില്‍നിന്ന് കാവ്യത്തിന്റെ സത്ത് ആവാഹിച്ചെടുക്കുന്ന അകക്കണ്ണിന്റെ അതേ അപരിമേയമായ സിദ്ധി! അധ്യാപകനും വിദ്യാര്‍ത്ഥിയും ഒരാളില്‍ ഒത്തുചേരുമ്പോഴാണ് ഇത്തരം പൊള്ളുന്ന നൊമ്പരസാധര്മ്മ്യം പ്രാപ്തമാകുന്നതെന്ന പാഠം കലയുടെ വഴിയില്‍ പ്രമുഖമാണ്. പ്രഭാഷണങ്ങളിലൂടെ, സൃഷ്ട്യുന്മുഖമായ വിചാരണകൡലൂടെ, രചനകളിലൂടെ സാനുമാസ്റ്ററുമായി ഇടപഴകുമ്പോഴൊക്കെ മാസ്റ്ററില്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ഒന്നിച്ചു സഹവര്ത്തിക്കുന്നതിലെ ദ്വിതസ്ഥിതത്തിന്റെ പ്രഭവം അധിക ചൈതന്യം പകരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
ക്ലാസ്മുറികളിലെ പാഠം പഠിപ്പിക്കലും പ്രഭാഷണ വേദിയിലെ വാങ്മയ പ്രവാഹവും ഒരുപോലെ എന്ന വിശേഷണം പലപ്പോഴും വിപരീതാര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കപ്പെടാറുള്ളത്. പ്രസംഗിക്കുംപോലെ ക്ലാസെടുക്കുന്നതും ക്ലാസെടുക്കുംപോലെ പ്രസംഗിക്കുന്നതും എഴുതുന്നതും ഒരുപോലെ അഭംഗിയാണ്. അങ്ങനെ ചെയ്യുന്നവരുടെ ഭൂരിപക്ഷത്തെ നോക്കിയാണ് അദ്ധ്യാപകസാഹിത്യവര്ഗ്ഗം എന്ന മുദ്രതന്നെ പതിഞ്ഞിട്ടുള്ളത്. ആ വര്‍ഗ്ഗത്തില്‍ സാനുമാസ്റ്റര്‍ പെടുന്നില്ല.
അദ്ധ്യാപനത്തിന്റെ എല്ലാ നല്ല രീതിവട്ടങ്ങളും ഏറ്റവും ഭംഗിയായി ഇടചേരുന്ന ശൈലിയാണ് ക്ലാസ്മുറികളില്‍ അദ്ദേഹം അവലംബിച്ചുപോന്നിട്ടുള്ളതെന്ന് പരസഹസ്രം ശിഷ്യഗണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പാഠ്യവിഷയങ്ങളില്‍ ഫോക്കസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പാഠ്യേതര പാരിസ്ഥിതികളെക്കൂടി അനായാസേന ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള തന്റെ അധ്യാപന രീതിയുടെ അതേ അനൗപചാരികതയും ഹൃദ്യതയുംതന്നെ അദ്ദേഹത്തിന്റെ പ്രഭാഷണശൈലിയിലും അനുഭവവേദ്യമാകുന്നു. വിപരീതാര്ത്ഥത്തിനിവിടെ പ്രസക്തിയില്ല. ഈ വിശേഷണത്തിന്റെ ഏറ്റവും നല്ല അര്‍ത്ഥത്തില്‍ തന്നെയാണ്, ഇതു പറയുന്നത്. In its very positive essence of meaning-! ബോധനങ്ങളായല്ല; പങ്കിടലായാണ് അവ സ്വീകര്‍ത്താവിന് പകുത്തു കിട്ടുന്നത്.
Sermoning നോടു തോന്നാത്ത ഹൃദയൈക്യവും സാത്മ്യസാധര്മ്മ്യപ്രാപ്തികളും sharing നോടു തോന്നുക ന്യായസ്വാഭാവികം. അപ്രകാരം പങ്കിട്ടു തരുമ്പോള്‍ സാനുമാസ്റ്ററുടെ അംഗചേഷ്ടകള്‍ നിര്മ്മമതയോടടുത്തു നിന്നുകൊണ്ടുതന്നെ അതിനിടയില്‍ വിടരുന്ന വിസ്മയത്തിന്റെ തിളക്കവും അലിവിന്റെ കരുതലുമുള്ള ചെറുചിരികൊണ്ട് വൈകാരികമായ ഒരു മസൃണത പ്രസരിപ്പിക്കുകയും ചെയ്യുന്നു. അകത്തെ കണ്ണാടിയില്‍ കുറിച്ചിട്ട പ്രതിബിംബങ്ങളെ വായിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അങ്ങനെ വായിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ എൡമയും അതു വാങ്മൊഴിയായി പ്രകാശിപ്പിക്കുമ്പോള്‍ ഗുരുനാഥന്റെ കൃത്യതയും അദ്ദേഹം പ്രകടിപ്പിക്കുന്നു. പുനര്‍വായനയില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും അവലംബിക്കുന്നത് സമാനമായ പ്രതിസ്പന്ദന വഴിയാണ്.
ജീവചരിത്രകാരനാകുമ്പോള് വിസ്മയത്തോടെയും ആദരവോടെയും എന്നാല്‍, വസ്തുനിഷ്ഠമായും കഥാപുരുഷന്റെ ജീവിതം പുനര്‍വായിക്കുന്ന വായനക്കാരനായും ആ ജീവിതത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും തന്റെ മനസ്സിലെ ഉത്തരങ്ങളോടു ചേര്‍ത്ത് തൊടുക്കുമ്പോള്‍ അവയില്‍ ചോദ്യങ്ങള്‍ തേടുകയും ചെയ്യുന്ന വിചാരകനായും അദ്ദേഹം മാറുന്നു. അങ്ങനെ തെളിച്ചെടുക്കുന്ന പൊരുളുകളാണ് കണ്ണാടിയില്‍ നിന്ന് കണ്ടെടുത്ത് അദ്ദേഹം പ്രകാശിപ്പിച്ചു വിളമ്പുന്നത്. അവിടെ സാനുമാസ്റ്ററോടൊപ്പം ആ ജീവിത പുനര്‍വായനയില്‍ വായനക്കാരനും സഹയാത്രികനായി കൂടെ ചേരുകയാണ്. വിമര്‍ശകനായി അവതരിക്കുമ്പോഴും സൃഷ്ടിയോടു സാനുമാസ്റ്റര്‍ അവലംബിക്കുന്ന സമീപനം മറ്റൊന്നല്ല. ആത്യന്തികമായി ഈ വിദ്യാര്‍ത്ഥിയും അന്വേഷകനും വിചാരകനും അധ്യാപകനും ഒന്നിനൊന്നു പൂരകമായി ഇടചേരുന്നതിന്റെ പ്രഭവ ദീപ്തിയാണ് സാനുമാസ്റ്റര്‍ നമുക്ക് പകര്‍ന്നു തരുന്നതെന്നാണ് അനുഭവം.
അലസമായി, അലക്ഷ്യമായി ഒന്നിനെയും സമീപിക്കുവാന്‍ കഴിയാത്ത പ്രകൃതം അദ്ദേഹത്തിന് ജന്മവരമാണ്. അതുകൊണ്ടാണ് എന്തും ആരില്‍ നിന്ന് ചോദിച്ചറിയുവാനും ഉള്‍ച്ചേര്‍ക്കാനുമുള്ള വാഞ്ഛ അദ്ദേഹത്തില്‍ ജാഗരൂകമായി തുടരുന്നത്. Learning is a never ending process എന്നതിന്റെ ഏറ്റവും നല്ല സാക്ഷ്യമായി മാറുന്നു അദ്ദേഹം. Sharing എന്നത് അദ്ദേഹം അനുഷ്ഠിക്കുന്നതാകട്ടെ ആരാധനാസമവുമാണ്. ആ വിശുദ്ധിയാണ് അദ്ദേഹത്തിന്റെ പ്രതിസ്പന്ദനങ്ങളുടെ അഴകും ആര്‍ജ്ജവവും കരുത്തും.
കാഴ്ചകള്‍ കാണുകയും പുനഃപ്രകാശത്തിനു കലവറയാകുവാന് മായാത്ത ചിത്രങ്ങളായി അകതാരില്‍ ചേര്‍ത്തുവയ്ക്കുകയും സഹജര്‍ക്കു പകുത്തു പങ്കിട്ടു നല്‍കുകയും ചെയ്യുന്ന ഋഷിധര്‍മ്മം ജന്മവ്രതമായി വരിച്ച സാനുമാസ്റ്ററെക്കുറിച്ച് റോസി തോമസ് പറഞ്ഞതത്രെ സത്യം!
കാഴ്ചകള്‍ കാണുന്ന കണ്ണാടിക്കു നമോവാകം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: