അങ്ങാടിപ്പുറം; മങ്കട നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു. അനുദിനം രൂക്ഷമാകുന്ന എ-ഐ ഗ്രൂപ്പ് പോര് തെരുവിലെത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പ് പോരില്‍ മനംനൊന്ത് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തു കഴിഞ്ഞു. കുറെ നാളുകളായി തങ്ങളെ പാര്‍ട്ടിയുടെ പരിപാടികളില്‍ പോലും പങ്കെടുപ്പിക്കുന്നില്ലെന്നാണ് ഐ വിഭാഗത്തിന്റെ പരാതി. ഡിസിസിയിലും പോഷകസംഘടനകളിലും മങ്കടയില്‍ നിന്നുള്ള ഐ വിഭാഗം നേതാക്കളെ കൂട്ടത്തോടെ ഒഴിവാക്കുകയാണെന്നും ഐ വിഭാഗം ആരോപിക്കുന്നു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഐ വിഭാഗം നിര്‍ദ്ദേശിച്ച ടി.ഹരിദാസിനെ ചില എ വിഭാഗം നേതാക്കള്‍ ഇടപെട്ട് ‘വെട്ടിയതാണ്’ പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖ ഐ വിഭാഗം നേതാവായ ഹരിദാസിനെ ‘വെട്ടിയതിന്’ പിന്നില്‍ ഐയില്‍ നിന്ന് എ വിഭാഗത്തിലേക്ക് അടുത്തിടെ കൂറുമാറിയ ഒരു നേതാവാണെന്നാണ് ഐ വിഭാഗം ആരോപിക്കുന്നു. സ്ഥാനമോഹിയായ ഇദ്ദേഹം ആഗ്രഹ സഫലീകരണത്തിനായി എന്തും ചെയ്യുമെന്നും ഐ വിഭാഗം ആരോപിക്കുന്നു. പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ച നേതാവിന് താക്കീത് നല്കിയപ്പോള് മറുഭാഗം ചാടി തങ്ങള്‍ക്ക് എതിരെ വാളെടുക്കുകയാണെന്ന് ഐ വിഭാഗം പറയുന്നു. മാത്രമല്ല കഞ്ചാവ്- ഗുണ്ടാ കേസുകളില്‍പ്പെട്ടവരെ സംരക്ഷിക്കാനാണ് ഇദ്ദേഹത്തിന് താല്പര്യമെന്നും ആരോപണമുണ്ട്. ഇത് പാര്‍ട്ടിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുകയാണ്. മണ്ഡലത്തിലെ എ വിഭാഗം നേതാവും മുന്‍ ഡിസിസി സെക്രട്ടറിയുമായ പി.രാധാകൃഷ്ണനാണ് മറഞ്ഞിരുന്ന് ഇയാള്‍ക്ക് പിന്നില്‍ കരുക്കള്‍ നീക്കുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഒരു ഐ വിഭാഗം നേതാവ് ജന്മഭൂമിയോട് പറഞ്ഞു. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് പി.രാധാകൃഷ്ണന്. അതേസമയം. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ നിയമനങ്ങള്‍ സംബന്ധിച്ച് ചില ക്രമക്കേടുകള്‍ ഉണ്ടെന്നും ഇതിന്റെ പിന്നിലുള്ള കളികള്‍ മനസിലാക്കിയ നേതാവിന്റെ വായടപ്പിക്കാനാണ് രാധാകൃഷ്ണന് അദ്ദേഹത്തിന് വേണ്ടി കരുക്കള്‍ നീക്കുന്നതെന്നും അടക്കം പറച്ചിലുണ്ട്. ഒരു സാധാരണ പ്രവര്‍ത്തകനായ ഈ നേതാവിനെയാണ്’ ഐഎന്‍ടിയുസിയുടെ തലപ്പത്ത് അവരോധിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇതോടൊപ്പം പാര്‍ട്ടിയെ പിടിച്ചു കുലുക്കി മറ്റൊരു വിവാദത്തിനും മങ്കടയില്‍ തുടക്കമായി. അങ്ങാടിപ്പുറത്തെ കോണ്‍ഗ്രസ് ഓഫീസ് ഒരു പ്രമുഖ എ വിഭാഗം നേതാവ് കൈ അടക്കിയെന്നാണ് ഐ വിഭാഗം ആരോപിക്കുന്നത്. എന്തായാലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം വീറും വാശിയും വിഴുപ്പലക്കലും നിറയുകയാണ് മങ്കടയിലെ കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: