ഞങ്ങളുടെയൊക്കെ യൗവനത്തെ ചൂടുപിടിപ്പിച്ച വിപ്ലവകാരികളില്‍, ചെഗുവേര കഴിഞ്ഞാല്‍, അടുത്തയാളായിരുന്നു, റെഴിസ് ദെബ്രേ. ‘വിപ്ലവത്തിനുള്ളിലെ വിപ്ലവം’ എഴുതിയ ആള്. അയാളെപ്പറ്റി ചെറിയ വിവരങ്ങള്‍ പില്ക്കാലത്തു വന്നുകൊണ്ടിരുന്നു. ഫ്രാന്‍സില്‍ മിത്തറാങിന്റെ ഉപദേഷ്ടാവായതും ശ്രദ്ധിച്ചു.
എന്നാല്‍ കേട്ടതിലൊന്ന് ഞെട്ടിച്ചു-ചെഗുവേരയെ ബൊളീവിയയില്‍ ഒറ്റിക്കൊടുത്തത് ദെബ്രേ ആണെന്ന വിവരമായിരുന്നു, അത്. ബൊളീവിയയില്‍, ചെയുടെ ഗറിലാ സംഘത്തില്‍, ദെബ്രേ ഉണ്ടായിരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിലും ഓര്‍ക്കേണ്ടിവന്നു. ഗാരി പ്രാദോ സാല്‍മണ്‍ എഴുതിയ ‘ഡിഫീറ്റ് ഓഫ് ചെ ഗുവേര’ എന്ന പുസ്തകത്തില്‍ ദെബ്രേയുടെ ചിത്രം കണ്ടപ്പോള്‍.
ആദ്യം ദെബ്രേയിലേക്ക് പോയി, ഒറ്റിലേക്ക് വരാം.
പാരിസിലാണ്, 1940 സപ്തംബര്‍ രണ്ടിന് ദെബ്രേ ജനിച്ചത്. മാര്‍ക്സിസ്റ്റ് താത്വികനായ, ഭാര്യ ഹെലനെ കഴുത്തു ഞെരിച്ചുകൊന്ന പ്രൊഫസര്‍, ലൂയി അല്‍ത്തുസറിന് കീഴില്‍ എക്കോളെ നോര്‍മാലേ സൂപ്പീരിയറെയില്‍ പഠിച്ചു. 1960 ല്‍ ഴാങ് റൗച്ചും എഡ്ഗാര്‍ മോറിനും സൃഷ്ടിച്ച സിനിമ വെറിറ്റെ ചിത്രമായ ‘ക്രോണിക് ദ അന് എറ്റെ’യില്‍ ദെബ്രേ ആയിത്തന്നെ ദെബ്രെ അഭിനയിച്ചു. ആ സിനിമ ഒരു വഴികാട്ടിയായിരുന്നു. 1965 ല്‍ ഫിലോസഫി ആധാരമായ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു. അതുകഴിഞ്ഞ് ക്യൂബയില്‍ ഹവാന സര്‍വകലാശാലയില്‍ പ്രൊഫസറായി. ഗറിലായുദ്ധത്തെപ്പറ്റിയുള്ള കൈപ്പുസ്തകമായ ‘റവല്യൂഷന് ഇന്‍ റവല്യൂഷന്?'(1967) എഴുതുന്നത് ഇക്കാലത്താണ്. ചെയുടെ തന്നെ ലഘുലേഖയ്ക്ക് അനുബന്ധമാവുന്ന പുസ്തകം. ലാറ്റിനമേരിക്കയിലെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിലനിന്ന തന്ത്രപ്രധാന സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്തു, ആ പുസ്തകം. അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ഷഷ്ടി ബ്രദ എന്നൊരു ഭാരതീയന് ‘മൈഗോഡ് ഡൈഡ് യങ്’ എന്നൊരു പുസ്തകമെഴുതിയതും ഹിറ്റായി അക്കാലത്ത്. അതില്‍ ചെറുപ്പത്തിലെ ലൈംഗികത തുറന്നുപറഞ്ഞിരുന്നു. ആ പുസ്തകമാണ് ശരിക്കും മനസ്സിലായത്!
സര്‍വകലാശാലയില്‍ നിന്ന് ദെബ്രേ, ചെയ്ക്കൊപ്പം ബൊളീവിയയിലേക്ക് പോയി. ഗുവേരയെ 1967 ഒക്ടോബര്‍ എട്ടിന് പിടിച്ച് അടുത്ത നാള് കൊന്നു. പക്ഷേ, അതിന് മുന്‍പ്, ഏപ്രില്‍ 20 ന് ദെബ്രേയെ ബൊളീവിയയിലെ തന്നെ ചെറിയ പട്ടണമായ മുയുപാമ്പയില്‍ അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 17 ന് 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഴാങ് പോള്‍ സാര്‍ത്ര്, ആന്ദ്രേ മാല്‍റോ, ജനറല്‍ ചാള്‍സ് ഡിഗോള്‍, പോള്‍ ആറാമന്‍ മാര്‍പാപ്പ തുടങ്ങിയവര്‍ ഇടപെട്ട് 1970 ല്‍ ദെബ്രേ മോചിതനായി. ചിലിയില്‍ രാഷ്ട്രീയാഭയം തേടിയ ദെബ്രേ, സാല്‍വദോര്‍ അലന്‍ഡേയെ അഭിമുഖം ചെയ്ത്, ‘ചിലിയന്‍ റവല്യൂഷന്’ എഴുതി (1972). ചിലി അഗസ്റ്റോ പിനോഷെ പിടിച്ചതോടെ, 1973 ല്‍ ദെബ്രേ ഫ്രാന്‍സിലേക്ക് മടങ്ങി.
ഫ്രാങ്സ്വാ മിത്തറാങ് 1981 ല്‍ പ്രസിഡന്റായപ്പോള്‍, ദെബ്രേ, വിദേശകാര്യ ഉപദേഷ്ടാവായി. അമേരിക്കന്‍ അധീശത്വം വെടിഞ്ഞ്, ഫ്രാന്‍സ് സ്വതന്ത്രമായി നില്‍ക്കാനുള്ള നയം ആവിഷ്കരിച്ചു. പഴയ കോളനി രാഷ്ട്രങ്ങളുമായി സൗഹൃദത്തിലേര്‍പ്പെട്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ 200-ാം വാര്‍ഷികം ആഘോഷമാക്കി. 1988 ല്‍ രാജിവച്ചു. 1990 കളുടെ മധ്യംവരെ പല ഔദ്യോഗിക പദവികളും വഹിച്ചു. ഫ്രാന്‍സിന്റെ ഉന്നത ഭരണക്കോടതിയായ ‘കോണ്‍സീല്‍ ദ് ഇറ്റാറ്റി’ല്‍ ഓണററി കൗണ്‍സലറായിരുന്നു. 1996 ല്‍ ഓര്‍മക്കുറിപ്പുകള്‍ ഇറങ്ങി: ”റെഴിസ് ദെബ്രേ; പ്രെയ്സ്ഡ് ബി അവര്‍ ലോര്‍ഡ്സ്.’
ദെബ്രേ, 2003 ല്‍ ഫ്രാന്‍സ് പാസാക്കിയ മതേതരത്വ, മതചിഹ്ന (പാഠശാലകള്‍) നിയമം പരിശോധിച്ച സ്റ്റാസി കമ്മിഷന് അംഗമായിരുന്നു. സ്കൂളുകളിലെ മതചിഹ്നങ്ങളെ സംബന്ധിച്ച ആ നിയമത്തെ ദെബ്രേ, തുണച്ചു. ബര്‍ണാര്‍ഡ് സ്റ്റാസിയായിരുന്നു, അധ്യക്ഷന്‍. സ്കൂളുകളില്‍ മതപഠനം അവസാനിപ്പിക്കുകയാണ്, നിയമം ചെയ്തത്. ജറുസലേം, ബത്ലഹേം തുടങ്ങിയ ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതില്‍ തല്പരനാണ്, ദെബ്രേ. മത, സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് 2005 ല്‍ സ്ഥാപിച്ചു.
ഭാഷ വഴിയാണോ ബിംബങ്ങള്‍ വഴിയാണോ സമൂഹത്തില്‍ സാംസ്കാരിക കാര്യങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നത് എന്ന കാര്യം പഠിക്കുന്ന മീഡിയോളജി എന്ന ദര്‍ശന ശാഖയുടെ സ്ഥാപകനാണ്, ദെബ്രേ. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് ഇമേജ്(1995), ട്രാന്‍സ്മിറ്റിംഗ് കള്‍ച്ചര്‍(2004) എന്നിവ. 2007 ല്‍ ‘ലെ മൊണ്ടെ’യില്‍ എഴുതിയ ലേഖനത്തില്‍, ഫ്രഞ്ച് രാഷ്ട്രീയം മുഴുവന്‍ വലത്തേക്കു നീങ്ങുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയത്തിലെ പുത്തന്‍ തലമുറയ്ക്ക് മത്സരബോധമുണ്ടെങ്കിലും, ആശയങ്ങളില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവര്‍ക്ക് സ്വഭാവ മഹിമയും ഇല്ല. ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മനസ്സ് ബൊളീവിയന്‍ കാടുകളില്‍ തന്നെ എന്നുതോന്നുന്നു.
ഒരുകാലത്ത് ചെയെ ആരാധിച്ച ദെബ്രേ, ക്യൂബന്‍ വിപ്ലവം 30 വര്‍ഷം പിന്നിട്ടപ്പോള്‍, ചെയില്‍നിന്ന് ഏറെ അകന്നിരുന്നു. ദെബ്രേ എഴുതിയ പ്രബന്ധം, ചെയെ പിച്ചിച്ചീന്തുന്നതായിരുന്നു. ”ചെ വിഭാഗീയത വളര്‍ത്തി; ഏകാധിപതിയായിരുന്നു”, ദെബ്രേ എഴുതി.
ആലപ്പുഴയിലെ കുന്തക്കാരന് പത്രോസിനെപ്പോലെ ഒരാളായിരുന്നു ചെ എന്ന് ദെബ്രേ എഴുതിയതു വായിച്ചാല്‍ തോന്നും. പരുക്കന്‍. പറഞ്ഞാല്‍ കേള്‍ക്കില്ല. കാര്‍ക്കശ്യത്തിന്റെ അതിരുകള്‍ക്കപ്പുറം പോയവന്.
”ചെ ചില വേള ഭയങ്കര അര്‍ജന്റീനക്കാരനാകുമായിരുന്നു” എന്ന് ചെയില്‍ നിന്ന് വേര്‍പിരിഞ്ഞ ഭാര്യ അലൈഡ മാര്‍ച്ചും പറഞ്ഞിരുന്നു.
ഗറിലാ സംഘത്തില്‍ അച്ചടക്കം പ്രധാനമാണ്. പക്ഷേ, ചെ മനുഷ്യപ്പറ്റുള്ളവനായിരുന്നു എന്നാണ് ആദ്യകാല കഥകളിലുള്ളത്. പിന്നെ എന്തുകൊണ്ട്, ദെബ്രേ കഥ മാറ്റി?
തിരുവനന്തപുരത്ത് ഒരിക്കല്‍ വന്ന, ചെയുടെ മകളും ഡോക്ടറുമായ അലൈഡ ഗുവേര പറയുന്നത്, ദെബ്രേയാണ് ചെയുടെ ഒറ്റുകാരന് എന്നാണ്. ബൊളീവിയന്‍ പട്ടാളം ചെയുടെ താവളം കണ്ടെത്താന്‍ കാരണം, ദെബ്രേ ആണ്; അങ്ങനെ അയാള്‍, ചെയുടെ മരണത്തിനും ഉത്തരവാദി. ബ്യൂനസ് ഐറിസില്‍ നിന്നിറങ്ങുന്ന ‘ക്ലാറിയന്‍’ എന്ന പത്രത്തോടാണ് അലൈഡ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 1967 മാര്‍ച്ചില്‍ പട്ടാളം പിടിച്ച ദെബ്രേയുടെ മൊഴി, പട്ടാളത്തിന്റെ പണി എളുപ്പമാക്കി. കാട്ടില്‍നിന്ന് ദെബ്രേ പിടിക്കപ്പെട്ടപ്പോള്‍, ചെയ്ക്കും സംഘത്തിനും താവളം മാറേണ്ടിവന്നു. പദ്ധതികള്‍ മാറേണ്ടിവന്നു. സമയം പാഴായി. ഇതെല്ലാം പട്ടാളത്തിന് ഗുണമായി.
അലൈഡയുടെ തുറന്നുപറച്ചില്‍ വന്നപ്പോള്‍, അലൈഡയെ ദെബ്രേ തുറന്നെതിര്‍ത്തു: ”അന്ന് കുട്ടി മാത്രമായിരുന്നു, അലൈഡ. സംഭവിച്ചതെന്തെന്ന് അവള്‍ക്കെങ്ങനെ അറിയാം? മറ്റുള്ളവര്‍ പറഞ്ഞത് അവള് ആവര്‍ത്തിക്കുകയാണ്. അവള്, സ്റ്റാലിനിസ്റ്റ് ക്യൂബന്‍ സര്‍ക്കാരിന്റെ ആജ്ഞകള്‍ അനുസരിക്കുകയാണ്.”
ചെയുടെ ‘ബൊളീവിയന്‍ ഡയറി’ കൂടി നോക്കണമല്ലോ. അതനുസരിച്ച് ദെബ്രേ ഗറിലാ ക്യാമ്പിലെത്തുന്നത് 1967 മാര്‍ച്ച് 20 നാണ്. പട്ടാളം പിടിക്കുംവരെ ദെബ്രേയെ ഡയറിയില്‍ വിശേഷിപ്പിക്കുന്നത്, ‘ഡാന്റണ്‍’ എന്നോ ‘ഫ്രഞ്ചുകാരന്’ എന്നോ ആണ്. മാര്‍ച്ച് 21 ന് ചെ എഴുതി:
”ഫ്രഞ്ചുകാരന്… വന്നു. ഞാനയാളോട് ഫ്രാന്‍സില്‍ ഒരു കാവല്‍സംഘത്തെ സൃഷ്ടിക്കാന്‍ പറഞ്ഞു. വഴിക്ക് അയാള്‍ക്ക് ക്യൂബയില്‍ ചെലവിടാം. അയാളുടെ കാമുകിയെ വിവാഹം ചെയ്ത് കുട്ടിയാകാം.”
ദെബ്രേയെ, ചെ ഉള്ളിലേക്കെടുത്തില്ല എന്നര്‍ത്ഥം. അനുഭാവി ഗ്രൂപ്പിലാണ്, അയാള്‍!
ഡാന്റണെ പിന്നെ പരാമര്‍ശിക്കുന്നത് ഒരിംഗ്ലീഷ് റിപ്പോര്‍ട്ടര്‍ ക്യാമ്പിലെത്തിയത്, ഏപ്രില്‍ 19 ന് വിവരിക്കുമ്പോഴാണ്. ചെയും സംഘവും അയാളെ ചാരനായി കാണുന്നു. റിപ്പോര്‍ട്ടര്‍ തങ്ങള്‍ക്ക് ഗുണമാകാമെന്ന് ദെബ്രേ പറയുന്നു. റിപ്പോര്‍ട്ടര്‍ വഴി തനിക്ക് ഗറിലാ മേഖലയില്‍ നിന്ന് രക്ഷപ്പെടാം. ദെബ്രേയും ബുസ്റ്റോസും റിപ്പോര്‍ട്ടറും ക്യാമ്പ് വിടുന്നു. ഏപ്രില്‍ 27 ലെ ചെയുടെ ഡയറിക്കുറിപ്പ്: ”കാമിരിക്കടുത്ത്, ഡാന്റണ്‍ തടവിലായതു സ്ഥിരീകരിച്ചു.”
ഏപ്രില്‍ 30ന് ആ മാസത്തെ സംഭവങ്ങളുടെ സംഗ്രഹത്തില്‍, ചെ എഴുതുന്നത്, ദെബ്രേയ്ക്ക് ക്യാമ്പ് വിടാന്‍ ധൃതിയായിരുന്നു എന്നാണ്. എങ്കില്‍, അയാള്‍ക്ക് പിന്നില്‍ ആരോ ഉണ്ടായിരുന്നിരിക്കാം.
ചെ മെയ് 5 ലെ ഡയറിക്കുറിപ്പില്‍ റേഡിയോയില്‍ കേട്ടത് ഉദ്ധരിക്കുന്നു: ”ദെബ്രേയെ കാമിരിയിലെ പട്ടാളക്കോടതി ഗറിലാ നേതാവെന്ന നിലയില്‍ വിചാരണ ചെയ്യും.”
ഏതാനും നാള് മാത്രം ഗറിലാ ക്യാമ്പില്‍ കഴിഞ്ഞയാള്‍ അങ്ങനെ, ഊതിവീര്‍പ്പിക്കപ്പെട്ടു. ദെബ്രേ നേതാവായി; ചെ യെ പട്ടാളം കൊന്നു. കൊല്ലപ്പെടും മുന്‍പ്, ദെബ്രേ വേണ്ടതിലധികം പട്ടാളക്കാരുമായി ചോദ്യം ചെയ്യലില്‍ സഹകരിച്ചെന്ന് ചെയ്ക്ക് ഉറപ്പായിരുന്നു.
ചില ഖണ്ഡികകള്‍ക്ക് മുമ്പ്, ദെബ്രേ ക്യൂബന്‍ സര്‍ക്കാരിനെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചത് ശ്രദ്ധിക്കുക. കാസ്ട്രോ സ്റ്റാലിനിസ്റ്റാണ് എന്നര്‍ത്ഥം. അച്യുതാനന്ദന് പറ്റിയ ചങ്ങാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: