ആലക്കോട്: ദുബൈയില്‍ ജോലിചെയ്തിരുന്ന ആലക്കോട് തേര്‍ത്തല്ലി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തേര്‍ത്തല്ലി പൊയില്‍ സ്വദേശി ചാലച്ചേരി തോമസ്-എല്‍സമ്മ ദമ്പതികളുടെ മകന്‍ ദീപക് തോമസ് (24)നെയാണ് കഴിഞ്ഞ 13 മുതല്‍ കാണാതായത്. ദുബൈയിലെ അമേരിക്കന്‍ കമ്പനിയായ ബാങ്ക് ഡൊണാള്‍ഡ് ഫാസ്റ്റ് ഫുഡ് എല്‍സിസി കമ്പനിയില്‍ രണ്ട് വര്‍ഷമായി ദീപക് ജോലിചെയ്ത് വരികയായിരുന്നു. കഴിഞ്ഞ 13 മുതല്‍ ദീപക്കിനെ സംബന്ധിച്ച് ഒരു വിവരവുമില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
കണ്ണൂര്‍ സ്വദേശിയായ കമ്പനി മാനേജറുമായി ബന്ധപ്പെട്ടപ്പോള്‍ 13ന് ജോലിസ്ഥലത്തുനിന്നും പോന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങോട്ട് പോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇത്‌സംബന്ധിച്ച് ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















