പുതിയകാലത്തെ കൈക്കുമ്പിളിലൊതുക്കീടും
അഹന്ത പ്രസവിച്ച പുതുതാം ബാല്യങ്ങളെ
പറഞ്ഞാലൊട്ടും നിങ്ങള്‍ വിശ്വസിക്കില്ലാ ഞങ്ങള്‍
കരളില്‍ വരച്ചതാം പഴയകുട്ടിക്കാലം
മരത്തിന്നാലസ്യത്തെ കൊക്കുകൊണ്ടുണര്ത്തിയ
മരംകൊത്തികള്‍ക്കു പേരിട്ടതാം ബാല്യകാലം
മൂളിയ മാടത്തയ്ക്ക് മറുപാട്ടെഴുതിയും
കുറുക്കന്നോരിക്കൊപ്പം പേടി പൂത്തതും, പിന്നെ
കാവിലെയിരുട്ടിനെ കരളില്‍ കുടിയേറ്റി
കാലത്തെ വെളിച്ചപ്പാടെന്നപോല് ഭയന്നതും
പറഞ്ഞാലൊട്ടുംതന്നെ വിശ്വസിക്കില്ലാ നിങ്ങള്‍
നിറയെ മാവിന്‍കൂട്ടം നിന്നതീപറമ്പൊക്കെ
പുലരും മുമ്പേ ഞങ്ങള്‍ വെളിച്ചം കൈയിലേന്തി
പരതീ മാവിന് ചോട്ടില് വീണമാമ്പഴങ്ങളെ
കടിച്ചില്ലന്നും കരിമൂര്ഖന്മാരീക്കുട്ട്യോളെ
കാത്തതാരാണാവോ? അറിയില്ല ഞങ്ങള്‍ക്കൊന്നും
പോയകാലത്തെ മേന്മ വെറുതെ പുലമ്പുന്നെന്
ദീനവാര്ദ്ധക്യം എനിക്കറിയില്ലെന്തിനാണോ?
നന്മയെന്നെന്റെ ബാല്യം എണ്ണിയതെല്ലാമിപ്പോള്
പഴഞ്ചന്‍ ഭ്രാന്തെന്നെണ്ണും പുതുതാം തലമുറ
കണ്ടു ഞങ്ങളന്നു കണ്നിറഞ്ഞതെല്ലാമിന്ന്
വര്ണ്ണശൂന്യമായുളള വന്ധ്യമാം പഴങ്കാഴ്ച
തെളിനീര് നിറച്ചേറ്റിപ്പോയതാമരുവിയും
വെറുതെ മഞ്ഞിന് മറതീര്ത്തതാം മലകളും
കരളില്‍ കവിതയെ ചുമന്ന പുലരിയും
പകലിന് ഹൃദ് രക്തത്തെയൂറ്റിയോരന്തിച്ചോപ്പും
ഇലഞ്ഞിച്ചോട്ടില്‍ നിന്നുമാറുവാന് മടിച്ചൊരാ
സുഗന്ധവാഹിയായ തെന്നലിന് കാരുണ്യവും
പുള്ളിത്തോലുടുപ്പിട്ട പുലിക്കും മാന്‍പേടയ്ക്കും
ഒന്നുപോലിടം തീര്‍ത്ത കാടിന്റെ കുസൃതിയും
ഞങ്ങള്‍ക്കായൊരുക്കിയ കാലത്തെ സ്നേഹിച്ചോട്ടെ
ഇന്നത്തെ കുരുന്നുകള്ക്കുള്ളതോ പ്ലാസ്റ്റിക് ബാല്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: