കൂത്തുപറമ്പ്: പിണറായി വെണ്ടുട്ടായിയില്‍ സിപിഎം ഭീകരതക്ക് പുറമേ പോലീസ് ഭീകരതയും. വെണ്ടുട്ടായിയിലെ എന്‍. സുരേന്ദ്രന്റെ വീട്ടിലാണ് ഇന്നലെ രാവിലെ പോലീസ് അതിക്രമിച്ച് കടന്നത്. സിപിഎം അക്രമികള്‍ അഴിഞ്ഞാടിയതിന്റെ ഭയപ്പാട് മാറുന്നതിന് മുന്‍പാണ് ഇന്നലെ പാതിരാത്രിയില്‍ പോലീസ് സംഘം പരിശോധനക്കെന്ന പേരില്‍ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെയാണ് സ്ത്രീകളുള്‍പ്പടെയുള്ളവരെ വീട്ടിനകത്ത് കടന്ന് പോലീസുകാര്‍ ചോദ്യം ചെയ്തതും ഭീഷണിപ്പെടുത്തിയതും. എന്തിനാണ് പാതിരാത്രിയില്‍ പരിശോധന നടത്തുന്നതെന്നിന് പോലീസുകാര്‍ യാതൊരു വിശദീകരണവും നല്‍കിയില്ല. കേട്ടാലറക്കുന്ന തെറിവാക്കുകള്‍ ഉപയോഗിച്ചാണ് സ്ത്രീകളോട് പോലും പെരുമാറിയത്. സ്ത്രീകളുള്ള വീട്ടില്‍ക്കയറി പരിശോധിക്കുന്നതിനോ, സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിനോ വനിതാപോലീസിന്റെ സാന്നിധ്യമുണ്ടാകണമെന്ന വ്യവസ്ഥയും പാലിച്ചില്ല.
പരിശോധനയെന്ന പേരില്‍ വീട് മുഴുവന്‍ അലങ്കോലമാക്കി. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ മകള്‍ സുബിഷ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിലുള്ള വെറുപ്പ് കാരണമാണ് പിണറായിയുടെ പോലീസിനെ ഉപയോഗിച്ച് വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. നിരന്തരമായി രാത്രികാലങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി പുരുഷന്‍മാരെ പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തി അക്രമം നടത്തുകയെന്ന തന്ത്രം സിപിഎം നേരത്തെയും നടപ്പാക്കിയിട്ടുണ്ട്.
പാതിരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തിയ പോലീസ് നടപടിയില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.കെ. ഗിരിധരന്‍ ശക്തിയായി പ്രതിഷേധിച്ചു. ഭരണത്തിന്റെ മറവില്‍ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന ഭീകരത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ഗിരിധരന്‍ പറഞ്ഞു.
















