കൊച്ചി: പല കലാകാരന്മാരും കലയെ സ്വത്വപ്രകാശനത്തിനുള്ള മാധ്യമമാക്കിയപ്പോള്‍ കെ.ജി. സുബ്രഹ്മണ്യം കലയെ ദൃശ്യസംവേദനത്തിനുള്ള ഭാഷയാക്കി മാറ്റിയെന്ന് പ്രമുഖ കലാനിരൂപകന്‍ പ്രൊഫ. ആര്‍. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ഭാഗീകമായി പരമ്പരാഗത കലകളില്‍ നിന്നും കലാകാരന്മാരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടും സൃഷ്ടിപരതയുടെ പുതിയ മേഖലകളിലേക്ക് എത്തിപ്പെടാനുമുള്ള അഭിവാഞ്ഛ കൊണ്ടുമാണ് ഇത്തരത്തിലുള്ള ഒരു വേറിട്ട പാത അദ്ദേഹത്തിന് സാദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമി സംഘടിപ്പിച്ച യൂസഫ് അറയ്‌ക്കല്‍ സ്മാരക പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
















