പുലാമന്തോള്‍: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യാത്രക്ലേശത്തിനും എല്ലാമേഖലയിലും പിന്നോമായിരുന്ന നാടിന്റെ വികസനത്തിലേക്കും വെളിച്ചം വീശുകയാണ് വളപുരം-പാലോളികുളമ്പ് പാലം. പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെ കുന്തിപുഴയുടെ തീരത്തെ ജനങ്ങള്‍ ആവേശത്തിലാണ്.
പാലക്കാട് ജില്ലയിലെ പാലോളി കുളമ്പില്‍ നിന്നും മലപ്പുറം ജില്ലയിലെവളപുരം ഗ്രാമത്തിലേക്കെത്താന്‍ ഇതുവരെ ആശ്രയിച്ചിരുന്നത് കടത്തുതോണിയെയാണ്. രണ്ടുഗ്രാമത്തിലെയും ജനങ്ങളുടെ ദീര്‍ഘകാലമായിരുന്ന ആവശ്യമായിരുന്നു പാലം. ഈ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുഴയില്‍ വെള്ളമുയര്‍ന്നാല്‍ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് ഇവിടുത്തുകാര്‍ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പാലോളി കുളമ്പില്‍ നിന്നും ചെമ്മലശ്ശേരി കിളിക്കുന്നുകാവ് കടവിലേക്ക് തൂക്കു പാലമെന്ന ആശയമാണ് ആദ്യം മുന്നോട്ടുവെച്ചത്. എങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലോളിക്കുളമ്പ്-വളപുരം പാലത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിക്കുകയായിരുന്നു. ഇതിന്റെ മുന്നോടിയായി പേരടിയൂര്‍ മുതല്‍ പാലോളികുളമ്പ് വരെയുള്ള റോഡ് റബറൈസ്ഡ് ചെയ്ത് ഗതാഗതയോഗ്യമാക്കി.
വിളയൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലയായ പാലോളികുളമ്പ്, കുപ്പൂത്ത്, വള്ളിയത്ത് തുടങ്ങിയ ഗ്രാമങ്ങളിലുള്ളവര്‍ക്കാണ് ഈ പാലം കൂടുതല്‍ പ്രയോജനപ്പെടുക. കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാഹന സൗകര്യങ്ങളും പരിമിതമായ ഇവിടുത്തുകാര്‍ എന്തിനും ഏതിനും ആശ്രയിക്കുന്നത് തൊട്ടടുത്ത വളപുരം അങ്ങാടിയെയാണ്. ഗ്രാമങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുവാനും വളപുരത്തു നിന്നുള്ള ബസ്സിനെയാണ് ആശ്രയിക്കുന്നത്. വര്‍ഷങ്ങളായി രാഷ്ട്രീയ വടംവലിയില്‍ നീണ്ടു പോയ പാലോളികുളമ്പ് പാലം എല്ലാ തടസ്സങ്ങളും മാറി യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: