ഇരിട്ടി: കേന്ദ്ര സംസ്ഥാന ഗവര്‍മ്മെണ്ടുകള്‍ പ്രഖ്യാപിക്കുന്ന അവധി ദിവസങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തി ദിനമാക്കുന്ന പ്രവണത മലയോര മേഖലയിലെ പഞ്ചായത്തുകളില്‍ തുടര്‍ന്ന് വരുന്നതായി ഹിന്ദു ഐക്യ വേദി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി ഹിന്ദു ഐക്യവേദി വൈസ് പ്രസിഡന്റ് അഡ്വ. കെ.എ.ചന്ദ്രന്‍ മിഷന്‍ ഡയരക്ടര്‍ക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
ഹിന്ദു ആരാധനാ ദിനങ്ങളും അവധിദിവസങ്ങളുമായ ശ്രീ കൃഷ്ണ ജയന്തി, ദീപാവലി, ശിവരാത്രി, ശ്രീ നാരായണ ഗുരു ജയന്തി, സമാധി, നവരാത്രി ദിനങ്ങളിലാണ് അധികൃതര്‍ ഈ പ്രവണത തുടര്‍ന്ന് വരുന്നതായി കാണുന്നതെന്ന് രാമചന്ദ്രന്‍ തന്റെ പരാതിയില്‍ പറയുന്നു. മസ്റ്റര്‍റോള്‍ തയ്യാറാക്കുമ്പോള്‍ ഗവര്‍മ്മെണ്ട് അവധി ദിവസങ്ങളില്‍ തൊഴിലുറപ്പിനും അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും അനുഷ്ടിക്കാന്‍ മതേതരത്വ രാജ്യത്ത് സാധിക്കും.
കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അവധി പ്രഖ്യാപിക്കാതെ തൊഴിലുറപ്പ് പ്രവര്‍ത്തി ദിനമാക്കിയതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തിലും, ഘോഷയാത്രകളിലും പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഒരു മാസം മുന്‍പേ ഈ ദിവസം അവധി ദിനമാക്കണമെന്നു കാണിച്ച് ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ഗൗനിക്കാതെ ഇതര വിഭാഗക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഈ ദിവസം തൊഴിലാളികളെക്കൊണ്ട് പണി ചെയ്യിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമൂഹത്തില്‍ ഇത്തരം വേര്‍ തിരിവുകള്‍ സൃഷ്ടിക്കുന്ന പ്രവണത നല്ലതല്ല. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വേര്‍ തിരിവുകള്‍ സൃഷ്ടിക്കാനേ ഇടയാക്കൂ എന്നും അവധി ദിനങ്ങളില്‍ തൊഴിലുറപ്പിനും അവധി ദിനമായി രേഖപ്പെടുത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും രാമചന്ദ്രന്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ഡയരക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
















