കണ്ണൂര്‍: ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി കമാണ്ടന്റായി വൈസ് അഡ്മിറല്‍ എസ്.വി.ബൊകാരെ ചുമതലയേറ്റു. അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി നാവിക അക്കാദമിയിലേക്ക് വരവേറ്റു. ഖഡക്‌വാസ്‌ല ദേശീയ പ്രതിരോധ അക്കാദമി, വെല്ലിങ്ങ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് നാവികവിദ്യയില്‍ ബിരുദവും കാന്‍ബറ ആസ്‌ത്രേലിയന്‍ ഡിഫന്‍സ് കോളേജില്‍ നിന്ന് ഡിഫന്‍സ് & സ്ട്രാറ്റജീസ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നാവികസേനയിലെ സബ് മറൈന്‍ വിഭാഗത്തിലെ ഓഫീസറാണ് എസ്.വി. ബൊകാരെ. ഐഎന്‍എസ് സിന്ധുഘോഷ്, സിന്ധുധ്വജ്, സിന്ധുശാസ്ത്ര സബ്മറൈന്‍ കമാണ്ടന്റ് ആയിരുന്നിട്ടുണ്ട്. നാവിക സേനയിലെ നിരവധി തന്ത്ര പ്രധാന ചുമതലയും വഹിച്ചിട്ടുണ്ട്. 2012 മുതല്‍ 3 വര്‍ഷം സബ് മറൈന്‍ ഫ്‌ളാഗ് ഓഫീസറും 2015 മുതല്‍ ഈസ്റ്റേണ്‍ കപ്പല്‍ സേന ഫ്‌ളാഗ് ഓഫീസര്‍ കമാണ്ടിങ്ങ് ആയും സേവനമനുഷ്ഠിച്ചു. യുദ്ധ സേവാ മെഡല്‍, നവോസേനാ മെഡല്‍ തുടങ്ങിയ ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാവിക അക്കാദമിയുടെ ഏഴാമത് കമാണ്ടന്റ് ആയാണ് അദ്ദേഹം ചുമതലയേറ്റത്.
















