തിരൂര്‍: മലയാളസര്‍വകലാശാലയിലെ ചലച്ചിത്ര പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാല് നാള് നീണ്ടുനില്‍ക്കുന്ന ദൃശ്യം ഡോക്യുമെന്ററി ചലച്ചിത്രമേള തുടങ്ങി. ചിത്രശാല ഓഡിറ്റോറിയത്തില്‍ യുവസംവിധായകനായ വിപിന്‍ വിജയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തന്റെ മുന്തലമുറയുമായി എങ്ങനെ ആശയസംവാദം സാധിക്കും എന്ന അന്വേഷണമാണ് അടൂര്‍ ഗോപാലകൃഷ്ണനെ കുറിച്ചുള്ള ചലച്ചിത്രമെന്ന് വിപിന്‍ വിജയ് പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍ച്ചിത്രമാണ് അടൂരിന്റെ സിനിമകള്‍. ചലച്ചിത്രകാരനെന്ന നിലയില്‍ അന്യമായ ആശയങ്ങളെ അന്വേഷിക്കാനാണ് ശ്രമിക്കുന്നത്. ആദര്‍ശവും കച്ചവടവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന പ്രതിസന്ധിയാണ് സിനിമ നേരിടുന്നത്. സിനിമയും പ്രേക്ഷകനുമായി ആശയവിനിമയം നടക്കുന്നില്ലെങ്കില്‍ സിനിമ ഉപയോഗശൂന്യമായിരിക്കുമെന്നും വിപിന്‍ വിജയ് പറഞ്ഞു.
ചലച്ചിത്രപഠനവിഭാഗം മേധാവി മധു ഇറവങ്കര അദ്ധ്യക്ഷത വഹിച്ചു. അസി. പ്രൊഫ.ഡോ.സുധീര്‍. എസ്. സലാം, മേളയുടെ കണ്‍വീനര്‍ പി.എസ്.സുധരേശന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായി അടൂറിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കി വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘ഭൂമിയില്‍ ചുവടുറച്ച്’ എന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മധു ഇറവങ്കരയുടെ ‘കേരളപാണിനി’, ‘റസിയ’ രോഷ്നി സ്വപ്നയുടെ ‘അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം’, സിന്ധു നെപ്പോളിയന്റെ ‘കരകയറാന്‍-ചില വിഴിഞ്ഞം കാഴ്ചകള്‍’, ധനസുമോദിന്റെ ‘ജലസമാധി’, ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘ഒറ്റയാള്‍’, സുധീഷ് മോഹന്റെ ‘ഉമാമഹേശ്വര സംവാദം’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള 22ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: