വണ്ടൂര്‍: അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വാശിപിടിച്ചതിനാല്‍ വണ്ടൂര്‍ സര്‍ക്കസ് ഫെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് സംഘാടകന്‍ സ്റ്റീഫന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമാനുസൃതം ലൈസന്‍സിന് അര്‍ഹതയുണ്ടായിട്ടും അനുമതി നല്കാന് പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. പഞ്ചായത്ത് ഓഫീസിന് പിന്നിലായാണ് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും ഒരുമിച്ച് സന്തോഷത്തോടെ സമ്മതിച്ചിരുന്നു. പഞ്ചായത്തില്‍ അടക്കേണ്ട തുക അടച്ചതിന് ശേഷം എത്രയും വേഗം ഫെസ്റ്റ് ആരംഭിക്കാനാണ് അവര്‍ പറഞ്ഞത്. നിയമപരമായി അനുമതി നല്‍കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. എന്നാല്‍ ആദ്യം മുതല്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സെക്രട്ടറി അനുമതി നിഷേധിച്ചു. അതിനിടെ ഗ്രൗണ്ടില്‍ താല്‍ക്കാലിക അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മാണം ആരംഭിച്ചിരുന്നു. വിനോദ ഉപകരണങ്ങള്‍ ഫിറ്റ് ചെയ്ത് പ്രവര്‍ത്തിച്ച് കാണിച്ചാല്‍ മാത്രമേ ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്റെയും സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റും ലഭിക്കുകയുള്ളൂ. പക്ഷേ ഫിറ്റിംഗ് നിര്‍ത്തിവെക്കാനായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സെക്രട്ടറി നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി സംഘാടകര്‍ കാണുകയും ചെയ്തു. ഫെസ്റ്റിന് അനുമതി നല്കാന് രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതായി സ്റ്റീഫന്‍ ആരോപിച്ചു.
അറുപതിലധികം ജീവനക്കാരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇത്. അനുമതി നിഷേധിച്ചതില്‍ മറ്റൊരു സ്ഥലത്തേക്ക് ഫെസ്റ്റ് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: