പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട്നഗരസഭക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നും നഗരസഭയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നതായി നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്, വൈസ്.ചെയര്മാന് സി.കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലക്കാട് നഗരസഭയിലെ ജീവനക്കാരെ സ്ഥലംമാറ്റി നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് നഗരസഭാ വൈസ്.ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.കേരളത്തിലെ ഏറ്റവും പഴക്കമേറിയതും എഗ്രേഡ് നഗരസഭയുമാണ് പാലക്കാട്. എന്നാല്‍ ബിജെപി ഭരിക്കുന്ന നഗരസഭയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ട സെക്രട്ടറിയെ ജനുവരിയില്‍ സ്ഥലം മാറ്റിയിട്ടും ഇതുവരെ പുതിയ ആളെ നിയമിച്ചിട്ടില്ല. രേഖാമൂലം പലതവണ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടായില്ല. സെക്രട്ടറി ഇല്ലാത്തതിനാല്‍ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്തു നല്കുവാന് കഴിയുന്നില്ല. സെക്രട്ടറിയുടെ ചാര്‍ജ്ജുണ്ടായിരുന്ന മുനിസിപ്പല്‍ എഞ്ചിനിയറെ മാസങ്ങള്‍ക്ക് മുമ്പ് സ്ഥലംമാറ്റി. തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്ക്കായിരുന്നു ചുമതല. 10 ദിവസത്തിനുള്ളില്‍ അദ്ദേഹത്തെയും സ്ഥലംമാറ്റി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എല്ലാ നഗരസഭകളിലും സെക്രട്ടറിമാരെ നിയമിച്ചെങ്കിലും പാലക്കാടിനെ അവഗണിക്കുകയായിരുന്നു.
കേന്ദ്രപദ്ധതികളായ അമൃത്,പിഎംഎവൈ,സ്വച്ഛ്ഭാരത്,എന്‍യുഎല്‍എം തുടങ്ങിയ പദ്ധതികളിലായി കോടികണക്കിന് രൂപയുടെ വികസനപദ്ധതികളാണ് പാലക്കാട് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട നഗരസഭകളില്‍ ഏറ്റവും ആദ്യം സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിച്ച നഗരസഭ പാലക്കാടാണ്.
40 കോടിരൂപയുടെ പദ്ധതിവിഹിതം സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് ഡിപിസി അംഗീകാരം ലഭിച്ച് ടെണ്ടര്‍ നടപടിവരെയായെന്നും എന്നാല്‍ കേന്ദ്രാവിഷ്കൃതപദ്ധതികള്‍ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അഞ്ഞൂറിലധികം പൊതുമരാമത്ത് പ്രവര്‍ത്തികള്‍ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി ചെയ്യേണ്ട സമയത്താണ് നഗരസഭയിലെ അഞ്ച് എഇമാരില് മൂന്നുപേരെ സ്ഥലമാറ്റുകയും പകരം ഒരാളെ നിയമിക്കുകയും ചെയ്തത്. ഓവര്‍സിയര്‍മാര്‍ ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല.മാലിന്യപ്രശനം രൂക്ഷമായതിനിടെ മൂന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്.
റഗുലര്‍ ജീവനക്കാരുടെ പെന്ഷന്,റിട്ട. ആനുകൂല്യങ്ങള്‍ എന്നിവ നല്‍കേണ്ടത് സംസ്ഥാനസര്ക്കാരാണെന്നിരിക്കെ ഇതു നല്കാത്തതുമൂലം നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നാണ് നല്‍കിയിരിക്കുന്നത്. 14കോടിരൂപയുടെ കുടിശ്ശിക നല്കുവാന് സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ടുകോടി അനുവദിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും നല്‍കിയിട്ടില്ല. സര്‍ക്കാര്‍വിഹിതം നല്‍കാതെ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും എത്രയുംവേഗം 14 കോടിരൂപ അനുവദിക്കണമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ആവശ്യപ്പെട്ടു. വികസനകാര്യത്തില്‍ സര്‍ക്കാര്‍രാഷ്ട്രീയം കളിക്കുകയാണെന്നും രാഷ്ട്രീയ വിവേചനം തുടരുകയാണെങ്കില്‍ ശക്തമായ സമരപരിപാടിക്ള്ക്ക് നേതൃത്വം നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആയൂത്രണം ചെയ്തിട്ടുണ്ടെന്നും, അഞ്ച് സ്ഥലങ്ങളില്‍ പുതിയ കോപ്ലക്സുകള്‍ നിര്‍മ്മിക്കുമെന്നും, ടാക്സ് റിവിഷന്പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചതായും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: