കോഴിക്കോട്: വിദ്വേഷ വിഷം ചീറ്റിയ പാര്‍ട്ടി പത്രത്തിന്റെ ഉന്നം തെറ്റി. പാളയം തളി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം നോണ്‍വെജ് ഹോട്ടല്‍ പാടില്ലെന്ന് സംഘപരിവാര്‍ ഭീഷണി എന്നാണ് ഇന്നലെ സിപിഎം പത്രമായ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സമീപത്തെ ക്ഷേത്ര കമ്മിറ്റികള്‍ നോണ്‍വെജിറ്റേറിയന്‍ ഹോട്ടല്‍ ആരംഭിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെയാണ് സംഘപരിവാര്‍ ഭീഷണിയായി പാര്‍ട്ടി പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ക്ഷേത്രകമ്മിറ്റി സ്ഥാപിച്ച ബോര്‍ഡ് ഹിന്ദു ഐക്യവേദിയുടെ ബോര്‍ഡെന്ന നിലക്കാണ് പത്രം ഫോട്ടോയടക്കം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ ക്ഷേത്ര സമീപത്തു നിന്നും അഹിന്ദുക്കളായ കച്ചവടക്കാരെയും താമസക്കാരെയും ഒഴിപ്പിക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് ചിന്തന്‍ ബൈഠക്കില്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും പാര്‍ട്ടി പത്രം നുണ തട്ടിവിട്ടു. ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഈയിടെയാണ് പാര്‍ട്ടി പത്രത്തെ പ്രസ് കൗണ്‍സില്‍ ശാസിച്ചത്. ഇതേ വാര്‍ത്തയാണ് പത്രം ആവര്‍ത്തിച്ചിരിക്കുന്നത്. ക്ഷേത്ര സമീപം നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ തുടങ്ങുന്നതിനെതിരെ ക്ഷേത്ര കമ്മിറ്റി ഉയര്‍ത്തിയ എതിര്‍ പ്പില്‍ സംഘപരിവാറിനെ കക്ഷി ചേര്‍ത്ത് വിദ്വേഷ വാര്‍ത്തകര്‍ പ്രചരിപ്പിക്കാനായിരുന്നു പത്രം തുനിഞ്ഞത്. എന്നാല്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഹോട്ടലുടമയെ ബന്ധപ്പെട്ടപ്പോള്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ തുടങ്ങാമെന്ന് തീരുമാനമായതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു.
ദേശീയ തലത്തില്‍ വിവാദമുണ്ടാക്കി നേട്ടം കൊയ്യാമെന്ന ഇടതു പദ്ധതിയാണ് ഇതോടെ പൊളിഞ്ഞുവീണത്.
















