ശാസ്താംകോട്ട: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം കുന്നത്തൂര്‍ താലൂക്കില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ റേഷനരി വിതരണം പ്രതിസന്ധിയിലായി.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിപ്പുകേട് കാട്ടുമ്പോഴും കേന്ദ്രത്തെ പഴിചാരി തലയൂരുന്ന പ്രവണതയാണ് അധികൃതര്‍ കാട്ടുന്നത്. സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലെ പൊള്ളത്തരം തുറന്നുകാട്ടി ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് യുവമോര്‍ച്ച അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പലതവണ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടും മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ തയ്യാറായിട്ടില്ല. നിയമം നടപ്പായാല്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെയ്‌പ്പും നിയന്ത്രിക്കാനാകും. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും. വസ്തുത ഇതെന്നിരിക്കെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ അവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ഇടതുവലത് മുന്നണികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. കേന്ദ്രത്തില്‍ അര്‍ഹതപ്പെട്ടവന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ എല്‍ഡിഎ ഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കുന്നത്തൂരിലുണ്ടായ ഈ ഭക്ഷ്യപ്രതിസന്ധി കേരളം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്. റേഷന്‍കടകളില്‍ എത്തുന്ന സാധാരണക്കാരന്‍ നിസഹയനായി മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കച്ചവട മാഫിയകള്‍ക്ക് വേണ്ടി പൊതുവിതരണസമ്പ്രദായം അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ബന്ധപെട്ട ജനപ്രതിനിധികളും നിസംഗത വെടിഞ്ഞ് പരിഹാരമാര്‍ഗങ്ങള്‍ക്കായി മുന്നിട്ടിറങ്ങണം. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ ശാസ്താംകോട്ട സിവില്‍സപ്ലൈസ് ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി യുവമോര്‍ച്ച മുന്നോട്ട് പോകും.
















