കൊല്ലം: വെളിയം മാലയില്‍ മലപ്പത്തൂരിലെ ക്രഷര്‍ പ്രവര്‍ത്തനത്തില്‍ ജീവിതം വഴിമുട്ടി വീട്ടമ്മമാര്‍. രോഗവും ദുരിതവുമാണ് പ്രദേശവാസികള്‍ക്ക് അനധികൃത എം സാന്റ് യൂണിറ്റ് മൂലം ലഭിച്ചതെന്ന് അവര്‍ പറയുന്നു.
1325 ദിവസമായി തുടര്‍ച്ചയായി സമരം നടത്തിയിട്ടും അധികൃതരും വനംവകുപ്പും ക്രഷറുടമകള്‍ക്കൊപ്പമാണ്. ടിപ്പര്‍ ലോറികളുടെ തലങ്ങും വിലങ്ങുമുള്ള പാച്ചിലില്‍ ജീവന്‍ കയ്യിലെടുത്തുപിടിച്ചാണ് അമ്മമാരും കുട്ടികളും പ്രദേശത്ത് ജീവിക്കുന്നത്. നൂറുകണക്കിന് മയിലുകളുണ്ടായിരുന്ന മേഖലയില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. കമ്പനിക്ക് ചുറ്റും വലിയ മതില്‍കെട്ടിതീര്‍ത്തുകൊണ്ട് നിഗൂഡമായാണ് പ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളായ ചിലര്‍ക്ക് ലോറികളില്‍ സാഹായികളായും മറ്റും പണി നല്‍കി വശത്താക്കി ജനങ്ങളെ തമ്മില്‍ അകറ്റുന്ന പ്രവണതയും ശക്തമാണ്. എതിര്‍പ്പുയര്‍ത്തുന്ന പുരുഷന്മാരെയൊക്കെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും മലപ്പത്തൂരിലെ വീട്ടമ്മമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എഴുകോണ്‍, പൂയപ്പള്ളി പോലീസ് സ്റ്റേഷനുകളിലായാണ് ഇത്തരം കേസുകള്‍.
മാലയില്‍ മലപ്പത്തൂരില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് എസ്എന്‍ ഗ്രാനൈറ്റ് ആന്‍ഡ് എം സാന്റ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി സംരക്ഷണസമിതി ആരോപിച്ചു. കമ്പനിക്ക് പഞ്ചായത്ത് അനുവദിച്ച എല്ലാ അനുമതികളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരം 1325 ദിവസം പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതരും ജില്ലാഭരണകൂടവും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഹൈക്കോടതി കമ്മീഷന്റെ തെളിവെടുപ്പില്‍ നിയമമനുസരിച്ചുള്ള വീതിയില്ലാത്ത റോഡിലാണ് ഈ വ്യവസായത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമായതാണ്. ഏഴുമീറ്റര്‍ വീതി വേണ്ടിടത്ത് വെറും നാലര മീറ്ററാണ് റോഡിന്റെ വീതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പ്രദേശവാസികളില്‍ നിന്ന് ഒരുതരത്തിലുള്ള തെളിവെടുപ്പും നടത്തിയിട്ടില്ല.
ആരോഗ്യവകുപ്പില്‍ നിന്ന് ഏതെങ്കിലും ഒരുദ്യോഗസ്ഥന്‍ അവിടം സന്ദര്‍ശിച്ചതായി ആര്‍ക്കും അറിവുമില്ല. എന്നിട്ടും ഈ വകുപ്പുകളില്‍ നിന്നെല്ലാം അനുമതി സമ്പാദിക്കാന്‍ കമ്പനി ഉടമകള്‍ക്ക് സാധിച്ചു എന്നത് ദുരൂഹത സൃഷ്ടിക്കുന്നതാണ്. കള്ളക്കേസുകളില്‍ കുടുക്കി തങ്ങളുടെ കുടുംബജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും സ്ഥലപരിശോധന പോലും നടത്താതെ അനുമതിപത്രം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സിന്ധു. ആര്‍, ശാലിനി. എസ്, ലിസി തമ്പി, മിനി. ആര്‍ എന്നിവര്‍ പങ്കെടുത്തു.
















