ബംഗാള്‍ മുതല്‍ നേപ്പാളിലെ മിഥില വരെ ഭക്ഷണ പൈതൃകം ഏതാണ്ടൊരു പോലെ. വിഭവങ്ങള്‍ക്കും ചേരുവകള്‍ക്കും പേരില്‍ മാത്രം ചെറിയ മാറ്റങ്ങള്‍. കടുകും കടുകെണ്ണയും ഒരുപാട് പച്ചക്കറികളും അതിലേറെ മീനും ചേരുംപടി ചേരുന്ന ബംഗാളി പാചകമാണ് കൂട്ടത്തില്‍ ശ്രേഷ്ഠം. സ്വാദിനൊപ്പം ആരോഗ്യവും വിളമ്പുന്ന വംഗദേശത്തിന്റെ ഈ പാചക ‘രസതന്ത്രങ്ങള്‍’. തൊട്ടടുത്ത്, ബംഗ്ലാദേശിലും ഒഡീഷയിലും അസമിലുമെല്ലാം രുചിച്ചറിയാം.
ഇവിടെ വീട്ടമ്മമാര്‍ അടുക്കളയില്‍ അടച്ചു ഭദ്രമായി സൂക്ഷിക്കുന്നൊരു കറിക്കൂട്ടുണ്ട്. ബംഗാളിയിലതിന് പേര് ‘പാഞ്ച് ഫൊറോണ്’. അഞ്ചു രുചികളെന്ന് അര്‍ത്ഥം. ചേരുവകള്‍ കടുക്, ഉലുവ, ജീരകം, പെരിഞ്ചീരകം, കരിം ജീരകം. ഇവ തുല്യ അളവില്‍ പൊടിച്ചെടുത്ത് സൂക്ഷിക്കും. അല്ലെങ്കില്‍ അതേപടി എണ്ണയില്‍ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കും. സസ്യ- സസ്യേതര ഭേദമില്ലാതെ ഏതു കറിക്കും അഭികാമ്യം. അസാധ്യ രുചി, നറുമണം.
അഞ്ച് കൂട്ടുകള്ക്കുമുണ്ട് ആരോഗ്യസംരക്ഷണത്തില്‍ തനതു സ്ഥാനം.
കടുക്: ഒമേഗാ ത്രീ ഫാറ്റി ആസിഡിനാല്‍ സംപുഷ്ടമാണ് കടുക്. മൈഗ്രേനും രക്ത സമ്മര്‍ദ്ദവും കുറയ്ക്കും. ഹൃദയാഘാതം തടയും.
ഉലുവ: പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഉത്തമം.നെഞ്ചെരിച്ചില്‍ തടയും. ഹീമോഗ്ലോബിന്‍ കൂട്ടും. അമിതവണ്ണത്തിനും പരിഹാരം.
പെരിഞ്ചീരകം: ഓര്‍മ്മശക്തിക്ക് ഗുണകരം. തലച്ചോറിലേക്ക് ഓക്സിജന്‍ ചംക്രമണം കൂട്ടും. ജൈവികവിഷം പുറന്തള്ളും.
കരിഞ്ചീരകം: മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കും. പ്രമേഹം തടയും. തലവേദനയ്ക്ക് ആശ്വാസം. സന്ധിവേദനയും ആസ്തമയും പരിഹരിക്കും. കിഡ്നിയെ ആരോഗ്യപ്രശ്നങ്ങളില്ലാതെ സംരക്ഷിക്കും.
ജീരകം: ദഹന സഹായി എന്നാണ് ജീരകത്തിന് സംസ്കൃതത്തിലെ അര്‍ത്ഥം. രുചി മുകുളങ്ങളെ ഉദ്ദീപിപ്പിക്കും. നിര്‍ജലീകരണം തടയും. മുലപ്പാല്‍ വര്‍ധിപ്പിക്കും. പ്രതിരോധശേഷി കൂട്ടും. ആസ്ത്മയ്ക്കും ഫലപ്രദം.
പാഞ്ച് ഫൊറോണ് ഉപയോഗിച്ചുളള മത്തങ്ങാ വിഭവം.
മത്തങ്ങ: 500 ഗ്രാം
കറിവേപ്പില: രണ്ടിതള്‍
ചുവന്ന കശ്മീരി മുളക്: രണ്ട്
പാഞ്ച് ഫൊറോണ് മസാല: രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല് ടീസ്പൂണ്‍
ഉപ്പ്, പാചകയെണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം. മത്തങ്ങ ചെറിയ ചതുരങ്ങളായി മുറിക്കുക. കടായിയില്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം തീ കുറച്ച് പാഞ്ച് ഫൊറോണ് മസാല ചേര്‍ക്കുക. മസാല പൊടിക്കാതെ വേണം ചേര്‍ക്കാന്‍. അതിലേക്ക് ചുവന്ന മുളക് മുറിച്ചിടുക.വഴറ്റിയതിനു ശേഷം മഞ്ഞളും കറിവേപ്പിലയും ചേര്‍ക്കുക. പിന്നീട് മത്തങ്ങാ കഷണങ്ങളിട്ട് ഉപ്പു ചേര്‍ത്ത് വഴറ്റിയ ശേഷം അല്പം വെള്ളം ചേര്‍ക്കുക. കടായ് അടച്ച് വേവിക്കുക. അടപ്പു തുറന്ന് വെള്ളംവറ്റിച്ച് മല്ലിയില തൂവിയ ശേഷം ചൂടോടെ ചോറിനൊപ്പം വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: