തിരുവനന്തപുരത്തു നടന്നുവരുന്ന പുഷ്പ മേളയില്‍ 40 വര്‍ഷമായി തുടര്‍ച്ചയായി പുഷ്പ പ്രദര്‍ശനം നടത്തി മുടങ്ങാതെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സരസ്വതി വര്മ്മയ്ക്കിത് ജീവിത സാഫല്യം. തിരുവനന്തപുരത്തു നടക്കുന്ന ഓരോ പുഷ്പ്പമേളയിലും സൂര്യകാന്തിപ്പൂവും വിവിധതരം റോസാ പുഷ്പങ്ങളുമായി സരസ്വതീ വര്‍മ്മയുടെ സജീവ സാന്നിദ്ധ്യമുണ്ടാകും.
ഓരോ വര്‍ഷവും പുഷ്പ്പ പ്രദര്‍ശനം നടക്കുന്നതിനു അഞ്ചു മാസം മുന്‍പുതന്നെ പുഷ്പ്പ കൃഷിയില്‍ സജീവമാകും. പുഷ്പോത്സവം നടക്കുമ്പോഴേക്കും സരസ്വതീ വര്‍മ്മയുടെ പൂക്കളുടെ ശേഖരം തയ്യറായിരിക്കും. അതീവ ശുഷ്കാന്തിയോടെ പൂക്കളെയും ചെടികളെയും പരിചരിക്കുക ജീവിത വ്രതമാക്കിയ അപൂര്‍വം സ്ത്രീകളിലൊരാളാണ് സരസ്വതീവര്മ്മ.
നാടന്‍ കലകളെ സ്നേഹിച്ച നാടകാചാര്യന് കാവാലം നാരായണപ്പിക്കരുടെ സഹോദരിയാണ് സരസ്വതീ വര്‍മ്മ. തിരുവനന്തപുരത്ത് കവടിയാര്‍ ദേവസ്വംബോര്ഡിനുസമീപമുള്ള ശ്രീ രഞ്ജിനിയില്‍ 80 വയസിലും പൂക്കളെയും ചെടികളെയും സംരക്ഷിച്ചു വരുന്നു. കേരളത്തില്‍ വളരാന്‍ പ്രയാസമുള്ള ചുവന്ന സൂര്യകാന്തികയും വിവിധ നിറത്തിലുള്ള സീനിയയുടെ വിത്തുകളും വിദേശത്തുനിന്നു വരുത്തിയാണ് നട്ടുവളര്‍ത്തിയിരുന്നത്.വിവിധ വര്‍ണങ്ങളിലുള്ള റോസകളുടെ വന്‍ ശേഖരം തന്നെ ഇവരുടെ വീട്ടിലുണ്ട്.
കൂടാതെ ഓര്‍ക്കിഡുകളും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും വീട്ടില്‍തന്നെ കൃഷിചെയ്തുവരുന്നു. കുട്ടിക്കാലം മുതല്‍ പൂക്കളെ സ്നേഹിച്ച ഇവര്‍ വിവാഹശേഷവും പൂക്കളോടുള്ള താത്പ്പര്യത്തിന് കുറവ് വരുത്തിയില്ല. നല്ലൊരു ഗൃഹനാഥയും കുടുംബിനിയുമായ ഇവര്‍ വിശ്രമവേളകളിലാണ് പൂക്കളെ പരിലാളിക്കുന്നത്. പൂക്കളില്‍ ഏറെയിഷ്ടം റോസയോടാണെന്ന് ഇവര്‍ പറയുന്നു. റോസാചെടികളെ പരിപാലിക്കുക കുഞ്ഞുങ്ങളെ നോക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നാണ് സരസ്വതിയുടെ പക്ഷം.
കെഎസ്ഇബിയില്‍ നിന്ന് സെക്രട്ടറിയായി വിരമിച്ച രവിവര്‍മ്മയാണ് ഭര്‍ത്താവ്. നാലുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം വേണ്ട പ്രോത്സാഹനം നല്‍കുന്നതാണ് പുഷ്പ്പങ്ങളുടെ ലോകത്ത് ജീവിക്കാന്‍ സാധിക്കുന്നതെന്ന് നന്ദിയോടെ സ്മരിക്കുന്നു പൂക്കളുടെ കൂട്ടുകാരിയായ സരസ്വതിവര്മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: