ഗോവയില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി അവസാനിക്കുമ്പോള്‍ ഉയര്‍ന്നുവന്നത് ബിംസ്റ്റക്ക് (ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോര്‍പ്പറേഷന്‍) രാജ്യങ്ങളുടെ ശാക്തിക കൂട്ടായ്മ. ബംഗാള്‍ ഉള്‍ക്കടലുമായി അതിരു പങ്കിടുന്ന ഭാരതം, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തായ്‌ലന്‍ഡ്, മ്യാന്മര്‍ എന്നീ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമാണ് ബിംസ്റ്റക് അംഗങ്ങള്‍. ബംഗാള്‍ ഉള്‍ക്കടല്‍ വഴി വ്യാപാരം നടത്തുന്ന രാജ്യമെന്ന നിലയില്‍ നേപ്പാളും അംഗമാണ്. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള രാജ്യങ്ങളെ കൂട്ടി ഭാരതം പുതിയ ശാക്തിക ചേരിക്ക് രൂപം നല്‍കുമ്പോള്‍ ദക്ഷിണേഷ്യയിലെ സമവാക്യങ്ങളിലും മാറ്റം പ്രകടമാകും. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ‘ബിംസ്റ്റക് നയതന്ത്രം’ വിജയിച്ചു.
ശരാശരി 6.5 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് കാഴ്ചവയ്‌ക്കുന്ന രാജ്യങ്ങളാണ് ബിംസ്റ്റക്കില്‍. ആഗോള തലത്തില്‍ തന്നെ വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണിത്. വളരുന്ന ഉപഭോക്തൃ വിപണികളും അടിസ്ഥാന സൗകര്യ മേഖലകളിലെ അനന്ത സാധ്യതകളും ബിംസ്റ്റക്ക് രാജ്യങ്ങളുടെ സവിശേഷതയാണ്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമായ ഭൂട്ടാനടക്കമുള്ള ബിംസ്റ്റക് രാജ്യങ്ങളെ കൂടെക്കൂട്ടി പുതിയ കൂട്ടായ്മയ്‌ക്ക് ഭാരതം നേതൃത്വം നല്‍കുന്നത് ചൈനയെ വളരെയേറെ അസ്വസ്ഥമാക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. പ്രത്യേകിച്ചും ചൈനയെ ലക്ഷ്യമിട്ട് ഭാരതം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യം നിലനല്‍ക്കുന്നതിനാല്‍ ബിംസ്റ്റക്ക് കൂട്ടായ്മ ആഗോള തലത്തിലും ഏറെ ശ്രദ്ധ നേടുകയാണ്.
പാക്കിസ്ഥാനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി ഉപേക്ഷിച്ച നിലവിലെ സാഹചര്യത്തില്‍ സാര്‍ക്കിന് പകരമുള്ള പുതിയ കൂട്ടായ്മയായി ബിംസ്റ്റക്കിനെ വളര്‍ത്തിയെടുക്കാനാണ് ഭാരതത്തിന്റെ ലക്ഷ്യം. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമാണ് ബിംസ്റ്റക്കിലില്ലാത്ത സാര്‍ക്ക് രാജ്യങ്ങള്‍. ഇതില്‍ അഫ്ഗാനിസ്ഥാനുമായി ഏറ്റവുമധികം നയതന്ത്രബന്ധം ഭാരതം വെച്ചുപുലര്‍ത്തുന്ന നിലവിലെ സ്ഥിതിയില്‍ ബിംസ്റ്റക്ക് കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
ഭീകരരെ രക്തസാക്ഷികളായി ചിത്രീകരിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ ബിംസ്റ്റക്ക് ഉച്ചകോടി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരരെ രക്തസാക്ഷികളായി ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ തലത്തിലും ഭീകരവാദം തടയപ്പെടേണ്ടതാണ്. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെയും ഒറ്റപ്പെടുത്തണം. മേഖലയില്‍ അടുത്തകാലത്തുണ്ടായ നിഷ്ഠുര കൊലപാതകങ്ങളെ ബിംസ്റ്റക് നിശിതഭാഷയില്‍ അപലപിച്ചു.
ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോര്‍പ്പറേഷന്‍ (ബിംസ്റ്റക്) എന്ന കൂട്ടായ്മയെ ബ്രിക്‌സ് ഉച്ചകോടിക്കൊപ്പം വിളിച്ചു ചേര്‍ക്കാനുള്ള ഭാരതത്തിന്റെ തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാക്കിസ്ഥാനെ കയ്യകലത്തില്‍ നിര്‍ത്തി ചൈനയടക്കമുള്ള മറ്റ് അയല്‍രാജ്യങ്ങളെയെല്ലാം തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ഭാരതത്തിന്റെ പരിശ്രമമാണ് ഗോവയില്‍ നടന്ന ബ്രിക്‌സ്-ബിംസ്റ്റക് ഉച്ചകോടി. ഇതോടൊപ്പം ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉച്ചകോടി സംഘടിപ്പിച്ചതു വഴി പാക്കിസ്ഥാനുമായി ആരംഭിച്ച എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിപ്പിക്കാനും ഭാരതത്തിന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: