ബത്തേരി : സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നെന്മേനി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ഭരണ സമിതി നടപടി അപഹാസ്യമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ദുര്‍ബ്ബല ജനവിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് കുടുംബങ്ങളും, പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുടുംബങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നുവെന്നിരിക്കെ ഈ പ്രഖ്യാപനം വസ്തുതാ വിരുദ്ധമാണ്. അര്‍ഹരായ കുടുംബങ്ങളെ സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തി അനര്‍ഹരും മുമ്പ് വിവിധ പദ്ധതികളില്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള ആളുകളും വീണ്ടും പട്ടികയില്‍ ഇടം പിടിച്ചതായും ഭാരവാഹികള്‍ ആരോപിച്ചു. പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും തുറന്നു കാട്ടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ശുചിമുറി നിര്‍മാണത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത ഭരണസമിതി നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. പഞ്ചായത്തിലെ പ്രധാന ടൗണുകളായ ചീരാല്‍, ചുള്ളിയോട് തുടങ്ങിയ സ്ഥലങ്ങളിലൊന്നും ശുചിമുറികള്‍ ഇല്ല. പാതയോരത്തും, കടകളുടെ മറവിലും, വെയിറ്റിംഗ് ഷെഡ്ഡിന്റെ പുറകുവശങ്ങളിലുമൊക്കെയാണ് ഇപ്പോള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്. ഇതിന് ശാശ്വത പരിഹാരമായി പൊതു സ്ഥലങ്ങളില്‍ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചി മുറികള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സി.ഗോപാലകൃഷ്ണന്, രാധാ സുരേഷ്ബാബു, എം.കെ.സുധാകരന്, കെ.സി.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: