തിരുനെല്ലി : കഴിഞ്ഞദിവസം അരണപ്പാറയില്‍ ഇക്കോ ടൂറിസംടാക്സി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഈ മാസം 15ന് രാവിലെ എട്ടുമണിയോടുകൂടിയാണ് കാട്ടാന ട്രഞ്ചിന്റെ സമീപമുള്ള കുറ്റികാട്ടില്നിന്ന് നാട്ടുകാര്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടക്കല്‍ പരേതനായ ആന്റണി-ലീല ദമ്പതികളുടെ മകന് ഷിമിയെന്ന തോമസ്(28) ആണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനം. മരണത്തില്‍ സംശയമുണ്ടായതിനെതുടര്ന്ന് അധികൃതര്‍ അന്വേഷണം ആരംഭിക്കുകായിരുന്നു. 16ന് രാവിലെ 11 മണിയോടെ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് കുറച്ചകലെയായി ട്രഞ്ചിലെ വെള്ളത്തില്‍നിന്നും കമ്പി വടിയും മൊബൈല്‍ ഫോണും കണ്ടെടുത്തത്. തുടര്‍ന്ന് നായ മണം പിടിച്ച് വനത്തിലെ ഇടവഴിയിലൂടെ സഞ്ചരിച്ച് മുന്നൂറ് മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനരികില്‍ നിലയുറപ്പിച്ചു. കേരളാ പോലീസിന്റെ വിരലടയാള വിദഗ്ദ്ധരും സംഘത്തിലുണ്ട്.
15ന് രാത്രി എട്ടുമണിയോടെ തോല്പ്പെട്ടിയില്നിന്നും ഡ്രൈവര്‍മാരുടെ കമ്മിറ്റി കഴിഞ്ഞ് അരണപാറ പള്ളിമുക്കില്‍ എത്തിയ ഷിമി തിരിച്ച് തോല്‍പ്പെട്ടിയിലെത്തുകയായിരുന്നു. ഏകദേശം പത്ത് മണിയോടെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിമദ്ധ്യേയാണ് കൊല്ലപ്പെടുന്നത്. തലക്ക് മൂന്ന് ശക്തമായ മുറിവുകളുണ്ട്. ട്രഞ്ച് വഴി വീട്ടിലേക്ക് പോകുമ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ മരണപ്പെട്ടതാവാമെന്നാണ് സൂചന. കമ്പിവടി കണ്ടെടുത്തതും ദുരൂഹതയുളവാക്കുന്നു.
ഫോറന്‍സിക് വിദഗ്ദ്ധ സിന്ധു തോമസ്, ഡോഗ് സ്ക്വാഡ് മേധാവി ആന്റണി, എസ്ഐ മനോഹരന്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുധകാരന്‍, ഫോറസ്റ്റര്‍ ശ്രീധരന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്നും രക്തകറയും ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: