കരുവാരകുണ്ട്: കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ വേണം കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലെത്താന്‍. ഇവിടെ എത്തുന്ന സഞ്ചാരികളുടെ ജീവന് സംരക്ഷിക്കാനാവശ്യമായ സുരക്ഷാസംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. നിരവധി അപകടങ്ങള്‍ ഇതിനോടകം സംഭവിച്ചെങ്കിലും കഴിഞ്ഞ ദിവസം ഒരാള്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.
വെള്ളച്ചാട്ട പ്രദേശത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടികള്‍ ചിലവഴിച്ച് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടങ്കിലും സന്ദര്‍ശകരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കല്‍കുണ്ടിലെ ആനത്താനം ജംഗ്ഷനില്‍ നിന്നും കേരളാംകുണ്ടിലെത്തണമെങ്കില് കാല്‍നട യാത്രക്ക് പോലും അസാധ്യമായ ഇടുങ്ങിയ വഴിയിലൂടെ മൂന്നു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കല്കുണ്ടിലേക്ക് കര്‍ഷകരുടെ കുടിയേറ്റത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച റോഡാണിത്. കുത്തനെയുള്ള കയറ്റത്തിലുള്ള റോഡില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പതിച്ച കരിങ്കല്ലുകളില്‍ നല്ലൊരു ശതമാനവും ഇളകി തകര്‍ന്ന നിലയിലാണ്. കേരളാംകുണ്ടിലേക്ക് ഇരുചക്രവാഹനങ്ങളിലെത്തുന്ന യുവാക്കള്‍ ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ചിലര്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കും സമൂദ്രനിരപ്പില് നിന്നും 2500് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളാംകുണ്ടിലെത്താന്‍ വാശിപിടിക്കുന്ന സഞ്ചാരികള്‍ ഫോര്‍വീല്‍ ടാക്സി ജീപ്പുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ചില ടാക്സി ഉടമകള്‍ അമിതവാടക ഈടാക്കുന്നതായും പരാതിയുണ്ട്. സഞ്ചാരികള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അലംഭാവത്തിന്റെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം മുങ്ങി മരിച്ച പൊന്നാനി സ്വദേശിയായ യുവാവ്. സഞ്ചാരികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഉയരങ്ങളിലുള്ള പാറക്കെട്ടുകളില്‍ സാഹസികമായി കയറുന്നതിനിടയില്‍ കാല് വഴുതിയും മറ്റും പലര്‍ക്കും അപകടം സംഭവിക്കാറുണ്ട്. പരിക്കേല്‍ക്കുന്നവരെ ആശുപത്രികളിലെത്തിക്കാന്‍ പുറത്തു നിന്നും ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരണമെങ്കില്‍ മണിക്കൂറുകള്‍ കഴിയും. വേണ്ടത്ര സുരക്ഷാ ജീവനക്കാരെ ഇവിടെ ചുമതലപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതര്‍ അവഗണിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് റെയിഞ്ചില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കോടികള്‍ മുടക്കി തിരക്കിട്ട് തട്ടിക്കൂട്ടിയ കേരളാംകുണ്ട് ടൂറിസം കേന്ദ്രമെന്ന് കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതിയാണ് ജനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: